പത്തനംതിട്ട: വായില്‍ മാര്‍ക്കര്‍ കടിച്ച് പിടിച്ച് ജ്യോത്സന ചിത്രം രചിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ജ്യോത്സന ഈ നേട്ടം കൈവരിച്ചത്. നാല് മണിക്കൂറുകള്‍ കൊണ്ട് ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കേരളത്തിലെ മുഖ്യമന്ത്രിമാരുടെ മനോഹര സ്റ്റെന്‍സില്‍ ചിത്രങ്ങളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അംഗീകാരത്തിന് ജ്യോത്സനയെ അര്‍ഹയാക്കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് വായകൊണ്ട് ചിത്രം രചിച്ച് ജ്യോത്സന പന്തളം കുളനട പനങ്ങാട് സുരഭിയിൽ സുരേന്ദ്രൻ നായരുടെയും ജയശ്രീയുടെയും മകളാണ് ജ്യോത്സന. ചിത്ര രചന പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ ചിത്ര രചനയിലാണ് താല്‍പര്യം. സ്‌കൂള്‍തലം മുതല്‍ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട് ജ്യോത്സന.
ലോക്ക്‌ഡൗണ്‍ കാലത്താണ് പുതിയ രീതി പരീക്ഷിച്ചു തുടങ്ങിയത്. പിന്നീട് മാസങ്ങളുടെ പരിശ്രമം. ചലചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍, ഭിത്തിയില്‍ പതിപ്പിച്ച പേപ്പറില്‍ നിമിഷ നേരം കൊണ്ടാണ് വായില്‍ കടിച്ചു പിടിച്ച മാര്‍ക്കര്‍ കൊണ്ട് ജ്യോത്സന വരച്ച് തീര്‍ക്കുന്നത്.
ജ്യോത്സയുടെ കഴിവിനെ കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചതോടെ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിമെന്നാണ് വിശ്വാസം. ചിത്ര രചനക്ക് പുറമേ മറ്റ് ക്രാഫ്‌റ്റ് വര്‍ക്കുകളും താല്‍പര്യമായത് കൊണ്ട് ബിരുദ പഠനത്തിന് ശേഷം ഫാഷന്‍ ടെക്‌നോളജിയാണ് തെരഞ്ഞെടുത്തത്. ഇനി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സാണ് ലക്ഷ്യം. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സ്റ്റെന്‍സില്‍ ചിത്രങ്ങള്‍ വരക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.