പത്തനംതിട്ട : കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച തിരുവല്ല സ്വദേശി പി ടി ജോഷിയുടെ കുടുംബം കൂടുതൽ പരാതികളുമായി രംഗത്ത്. വിദേശത്തു നിന്നും മടങ്ങിയെത്തി സർക്കാർ സംവിധാനത്തിലുള്ള നിരീക്ഷണത്തിൽ കഴിയവേ കൊവിഡ് സ്ഥിരീകരിച്ച ജോഷിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ ചികിത്സയിലെ വീഴ്ചകൾ സംബന്ധിച്ചും സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ചികിത്സക്കുള്ള പണം കുടുംബം ചെലവഴിക്കേണ്ടി വന്നത് സംബന്ധിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ജോഷിയുടെ മരുമകൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി. പെരുംതുരുത്തി പ്രക്കാട്ട് വീട്ടിൽ ജോഷിയുടെ മരണം സംബന്ധിച്ച് മരുമകൾ ബിബി ലിജുവാണ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് , ജില്ലാ കലക്‌ടർ എന്നിവർക്കാണ് രേഖാ മൂലം പരാതി നൽകിയത്.
ജോഷിയുടെ മരണം: ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി - പത്തനംതിട്ട
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ ചികിത്സയിലെ വീഴ്ചകൾ സംബന്ധിച്ചും കൊവിഡ് ചികിത്സക്ക് സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ചികിത്സക്കുള്ള പണം കുടുംബം ചെലവഴിക്കേണ്ടി വന്നത് സംബന്ധിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ജോഷിയുടെ മരുമകൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.
മാർച്ച് മാസം 16-ാം തീയതിയാണ് ജോഷിയും ഭാര്യയും ഷാർജയിലേക്ക് പോയത്. ഷാർജയിലേക്ക് പോകുന്നത് വരെ ജോഷി യാതൊരു വിധ അസുഖങ്ങൾക്കും ചികിത്സ തേടിയിരുന്നില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തവും മറ്റും പരിശോധിച്ച് പ്രഷറും ഷുഗറും അടക്കമുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാറുണ്ടായിരുന്ന ജോഷി കടുത്ത പ്രമേഹരോഗിയായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. മെയ് 11 ന് ദുബായ് - കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ ജോഷി പത്തനംതിട്ടയിലെ നിരീക്ഷിണ കേന്ദ്രത്തിലായിരുന്നു. 16-ാം തീയതി സ്രവം പരിശോധനക്ക് അയച്ചു.18 ന് റിസൽട്ട് പോസിറ്റീവായതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജനറൽ ആശുപത്രിയിൽ പരിശോധനകളിൽ നേരിട്ട കാലതാമസമാണ് ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.
ആരോഗ്യനില ഏറെ വഷളായതിനെ തുടർന്ന് 24 ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അടിയന്തിരമായി ജോഷിയെ മാറ്റുകയാണെന്ന് ഡോക്‌ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനും കാല താമസം ഉണ്ടായി. ഒരു ദിവസം വൈകി 25 ന് വൈകിട്ട് മാത്രമാണ് ജോഷിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കൊവിഡ് ചികിത്സ പൂർണമായും സൗജന്യമാണെന്ന സർക്കാർ പ്രഖ്യാപനത്തിന് കടകവിരുദ്ധമായി കോട്ടയം മെഡിക്കൽ കോളജിലെ ജോഷിയുടെ ചികിത്സക്ക് കുടുംബാംഗങ്ങൾക്ക് തുക ചെലവഴിക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കുകയുണ്ടായെന്നും മരുമകൾ ബിബി ലിജുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.