പത്തനംതിട്ട: മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാന്‍ പൗരന്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോര്‍ എന്ന ഇറാന്‍ പൗരനെ കുടുക്കിയത്. ഇയാളില്‍ നിന്ന് നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടി.
വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചത്. 100 യുഎസ് ഡോളര്‍ മാറി നല്‍കണം എന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യുഎസ് ഡോളറും 50 ഡോളറിന്‍റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനിടയില്‍ കുറച്ചു പണം ദിര്‍ഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. അവിടെ നിന്ന് ദിര്‍ഹത്തിന്‍റെ ഒരു കെട്ട് വാങ്ങി ഇയാള്‍ പരിശോധിക്കാനും തുടങ്ങി. ദിര്‍ഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്‍റെ മാനേജര്‍ ശ്രീരാജും ജീവനക്കാരിയും ചേര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു. എസ്ഐ സലിമിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും ഓരോ നോട്ട് കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്‍റെ ഒന്നും ഒന്നിന്‍റെ 84 ഉം യുഎസ് ഡോളറും പഴ്‌സില്‍ നിന്നും കണ്ടെത്തി.
തിരുവല്ല പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറാനിയന്‍ പാസ്പോര്‍ട്ടും ഇറാനിയന്‍ ഇന്‍റര്‍ നാഷണല്‍ ഡ്രൈവിങ് ലൈസന്‍സും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. കൈവശം ബാഗോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് സ്ഥലത്ത് വന്ന റോ, ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ കണ്ട് സംശയം തോന്നി. തങ്ങളുടെ കൈവശമുള്ള രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇറാനിയന്‍ പൗരന്‍ 2018 ജൂലൈ 31 ന് പത്തനംതിട്ടയിലെ റോയല്‍ ഡ്യൂട്ടി പെയ്‌ഡ് ഷോപ്പില്‍ നിന്നും ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തുവെന്ന് വ്യക്തമായി. മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍ സന്ദര്‍ശക വിസയില്‍ എത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. അവിടെ നിന്നും മുംബൈയിലും ബംഗളൂരുവിലും എത്തി. ഇന്നലെ ബംഗളുരുവില്‍ നിന്നും ടാക്‌സിയില്‍ തിരുവല്ലയില്‍ എത്തിയെന്നും 35000 രൂപ കൂലി കൊടുത്തെന്നും ബാഗും മറ്റ് തുണികളും മൊബൈല്‍ ഫോണും ഇല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് റോ, ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ടു വര്‍ഷം മുന്‍പ് തട്ടിപ്പിന് ഇരയായ പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്‌ഡ് ഷോപ്പ് ഉടമ ഷെറിന്‍ ഷായെ വിളിച്ചു വരുത്തി ഇയാളെ കാണിച്ചു. തന്‍റെ കൈയില്‍ നിന്നും പണം തട്ടിയത് ഇയാള്‍ തന്നെയാണെന്ന് ഷെറിന്‍ തിരിച്ചറിഞ്ഞു.