പത്തനംതിട്ട: അതിഥി തൊഴിലാളികൾ അരങ്ങ് ഒഴിയുന്നു. കൊവിഡ് രോഗ ബാധയെ തുടർന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പണിയില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്നത്.
നാട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഐഡി കാർഡിനു സമാനമായ വർക്ക് കാർഡ് ലഭിക്കുന്നതിനു വേണ്ടി പൊലീസ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള തിരക്കിലാണ് തൊഴിലാളികൾ. പന്തളത്തും പരിസരത്തും 4,000 അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ പൊലീസിൻ്റെ പട്ടികയിൽ 2,864 പേർ മാത്രമാണ് ഉള്ളത്. ഇവരിൽ നാട്ടിലേക്കു മടങ്ങാൻ താൽപര്യമുള്ള 1,050 പേരാണ് മേയ് 10ന് പോകുന്നത്.
യാത്രാനുമതിക്കായി അപേക്ഷക്കൊപ്പം ഇവരുടെ ഫോട്ടോ ,ആധാർ കാർഡ്, താമസസ്ഥലത്തിൻ്റെ വിലാസം സഹിതം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി പേര് രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. മേയ് 10ന് പോകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നവരിൽ ഇനി 500പേർ കൂടി രജിസ്റ്റർ ചെയ്യാനുണ്ട് എന്ന് പൊലീസ് പറഞ്ഞു. ഇവർ പോകുന്ന സംസ്ഥാനം, ഇറങ്ങുന്ന സ്റ്റേഷൻ എന്നിവയും സ്റ്റേഷനിൽ അറിയിക്കണം. യാത്രക്കാരിൽ 874 പേർ ബംഗാൾ സ്വദേശികളാണ്. ഇതു കൂടാതെ മാൾഡ അസം,ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് ,യുപി, ഒറീസ ,ബക്കാം, കശ്‌മണ്ടി ,കിഷൻഗഞ്ച് എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഉണ്ട്.
ജില്ലയിൽ നിന്ന് ആദ്യമായി പുറപ്പെടുന്ന ട്രെയിനിൽ യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസി ബസിൽ ഇവരെ ചെങ്ങന്നൂർ, തിരുവല്ല എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസിൻ്റെ നേതൃത്വത്തിൽ എത്തിക്കും. തുടർന്നുള്ള യാത്രയിലും പൊലീസ് ഇവരോടൊപ്പം ഉണ്ടാകും. ഇതു വരെ ലഭിച്ച തൊഴിലാളികളുടെ പട്ടിക ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണാധികാരിക്കും കൈമാറിയിട്ടുണ്ടെന്നു ജനമൈത്രി പൊലീസ് ഓഫിസർമാരായ കെ. അമീഷ്, സി ദിലീപ് കുമാർ എന്നിവർ പറഞ്ഞു.