പത്തനംതിട്ട:വർഷം 1934, രാജ്യം സ്വാതന്ത്ര്യസമരത്തീച്ചൂളയില്‍. ഓർമകൾ പിന്നിലേക്ക് നടക്കുമ്പോൾ പത്തനംതിട്ട ജില്ലയിലെ അടൂർ വടക്കടത്തുകാവ് സ്‌കൂളിലെ ആൽമരച്ചുവട്ടിൽ ഗാന്ധിജി പ്രഭാഷണം നടത്തുകയാണ്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണാർഥം തന്‍റെ നാലാമത്തെ കേരള സന്ദർശനത്തിനിടെയാണ് 1934 ജനുവരി 19ന് ഗാന്ധിജി അടൂരിൽ എത്തുന്നത്. 88 വർഷങ്ങൾ പിന്നിടുമ്പോഴും ഗാന്ധിജിയുടെ ചരിത്ര സ്‌മരണകൾ ഈ മണ്ണിലുണ്ട്. ഇന്നിത് വടക്കടത്തുകാവ് ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി. ആല്‍മരം ഇപ്പോഴുമുണ്ട്.
അടൂർ എസ്എൻഡിപി യൂണിയൻ മന്ദിരമായ മാധവ സൗധത്തിന് ശിലാസ്ഥാപനം നിർവഹിച്ച ശേഷമാണ് ഗാന്ധിജി എംസി റോഡ് വഴി വടക്കടത്തുകാവ് സ്‌കൂളിൽ എത്തുന്നത്. ഗാന്ധിജി വരുന്നതറിഞ്ഞ് സ്‌കൂളും പരിസരവും ജനസാഗരമായി മാറിയിരുന്നു. സ്‌കൂൾ മുറ്റത്തെ ആൽമരചുവട്ടിൽ വിശ്രമിച്ച ഗാന്ധിജി സ്വാതന്ത്ര്യം നേടുന്നത് എന്തിന് എന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തി. ഹരിജനോദ്ധാരണ ഫണ്ടും അദ്ദേഹം ഏറ്റുവാങ്ങി.