പത്തനംതിട്ട: റാന്നിയിൽ പഴവങ്ങാടി കരികുളത്ത് ബന്ധു വീട്ടിൽ നിന്ന് സ്വർണം മോഷ്‌ടിച്ച പ്രതി അറസ്റ്റിൽ. ശ്രീജിത്ത് (27) ആണ് പൊലീസ് പിടിയിലായത്. ഒരു പവന്‍റെ മാലയും ആറ് ഗ്രാമിന്‍റെ ചെയിനും ഉൾപ്പടെ 70000ത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടത്.
ഈ മാസം 17 നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ ബന്ധു കൂടിയായ ദിവ്യയുടെ കാലായിൽ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി മുറിക്കുള്ളിലെ അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുകയായിരുന്നു. സ്വർണം നഷ്‌ടമായതറിഞ്ഞ കുടുംബം പൊലീസിൽ പരാതി നൽകി.
മോഷണം നടന്ന ദിവസം ശ്രീജിത്തിനെ വീടിന് സമീപം കണ്ടെന്ന അയൽവാസിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിക്ക് വീടിന്‍റെ താക്കോൽ വയ്‌ക്കുന്ന ഇടംപോലും അറിയാമായിരുന്നു. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ റാന്നിയിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ALSO READ:ബുര്‍ഖ ധരിച്ച് വോട്ടുചെയ്യാനെത്തിയെ സ്‌ത്രീകളെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍ ; രൂക്ഷവിമര്‍ശനവുമായി ഉദയനിധിയും കനിമൊഴിയും