പത്തനംതിട്ട: ജില്ലയിൽ കുറ്റൂർ ജംഗ്‌ഷനിലടക്കം തുടർച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രളയ ഭീതി ഉയർത്തുന്നു. കറുത്താലി പാലത്തില്‍ ഷട്ടര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പാകാത്തതും നിർമാണം പുരോഗമിക്കുന്ന താൽക്കാലിക തടയണ മണിമലയാറ്റിലെ ഒഴുക്കിനെ അതിജീവിക്കുമോയെന്ന ആശങ്കയുമാണ് പ്രളയ ഭീതി ഉയർത്തുന്നത്. മണിമലയാറ്റില്‍ നിന്നും മധുരംപുഴയിലേക്കുളള കൈവഴിയായ കറുത്താലിത്തോട്ടിലാണ് ജലപ്രവാഹത്തെ തടയാന്‍ മണ്ണ് നിറച്ച ചാക്കുകൾ അടുക്കുന്നത്.
പ്രളയ ഭീതി ഉയർത്തി കുറ്റൂരില്‍ വെള്ളക്കെട്ട് ഭീഷണി - പ്രളയ ഭീതി
കറുത്താലി പാലത്തില്‍ ഷട്ടര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പാകാത്തതും നിർമാണം പുരോഗമിക്കുന്ന താൽക്കാലിക തടയണ മണിമലയാറ്റിലെ ഒഴുക്കിനെ അതിജീവിക്കുമോയെന്ന ആശങ്കയുമാണ് പ്രളയ ഭീതി ഉയർത്തുന്നത്.
കുറ്റൂര്‍- മനയ്ക്കച്ചിറ റോഡിലാണ് കറുത്താലിപ്പാലമുള്ളത്. ഈ റോഡിന്‍റെ പുനരുദ്ധാരണം നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി പാലം പുതുക്കിയെങ്കിലും പഴയപാലത്തിലുണ്ടായിരുന്ന ഷട്ടര്‍ പണിയുടെ ഭാഗമായി പൊളിച്ചു നീക്കി. എന്നാൽ പുതിയ ഷട്ടർ സ്ഥാപിച്ചതുമില്ല. മണിമലയാറ്റില്‍ നിന്നും 20 മീറ്റര്‍ മാത്രം അകലെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഷട്ടറിന് പകരം മണ്‍ചാക്ക് അടുക്കിയാല്‍ ശക്തമായ ജലപ്രവാഹത്തെ തടയാനാകുമോയെന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. തടയണയുടെ അടിവശത്ത് കുഴലും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി മറുഭാഗത്തേക്ക് വരുന്ന വെളളം പിന്നീട് കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും സമീപവാസികള്‍ പറയുന്നു.
എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും പുതിയ ഷട്ടര്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറായിരുന്നു. എന്നാൽ ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ല. വെളളപ്പൊക്കകാലത്തിന് മുമ്പ് ഷട്ടര്‍ സ്ഥാപിക്കല്‍ ഇനി പ്രായോഗികവുമല്ല. മധുരംപുഴയിലൂടെ കോതാട്ടുചിറയിലെത്തുന്ന വെളളം കുറ്റൂര്‍കവലയെ മുക്കുന്ന അവസ്ഥ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു.