പത്തനംതിട്ട: കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മർദനത്തെ തുടര്‍ന്ന് മരിച്ച അഞ്ചു വയസുകാരി ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
മരിച്ച അഞ്ച് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്
പ്രതിയും രണ്ടാനച്ഛനുമായ അലക്സിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കുമ്പഴയിൽ വാടകയ്ക്ക് താമസിക്കുന്ന രാജപ്പാളയം സ്വദേശികളുടെ മകളാണ് മർദ്ദനമേറ്റ് മരിച്ചത്. പ്രതി അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അലക്സ് മർദിച്ചിരുന്നതായി കുട്ടിയുടെ മാതാവ് കനക പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടു ജോലിക്ക് പോകുന്ന അമ്മ കനക തിങ്കളാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.
കുട്ടിയുടെ ശരീരത്തില്‍ കൂർത്ത വസ്തുകൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. മദ്യ ലഹരിയിലായിരുന്ന അലക്സ് പൊലീസ് എത്തിയതോടെ ഭീകരന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാനും ശ്രമം നടന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ലഹരിക്കടിമയായ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.