പത്തനംതിട്ട:പാചകവാതക സിലിണ്ടറുമായി മരണപാച്ചിൽ നടത്തിയ മിനിലോറിയിൽ നിന്നും സിലിണ്ടർ തെറിച്ചു വീണാണ് വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരന്‍റെ കാലൊടിഞ്ഞത്. കോന്നി മരങ്ങാട് സോപാനത്തിൽ ബിജുകുമാറിന്‍റെയും ലതികയുടെയും മകൻ രോഹിതിന്‍റെ (5) ഇടതു കാലാണ് ഒടിഞ്ഞത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വാഹനം കടന്നുപോയ റോഡരികിൽ താഴ്ചയുള്ള ഭാഗത്താണ് രോഹിത്തിന്‍റെ വീട്. വീടിന്‍റെ വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്‍റെ കാലിലേക്ക് ലോറിയിൽ നിന്നും തെറിച്ചു വന്ന സിലിണ്ടർ ഇടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടു വീട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.
ഗ്യാസ് സിലിണ്ടറുമായി ലോറിയുടെ മരണപാച്ചിൽ; സിലിണ്ടർ തെറിച്ചുവീണ് അഞ്ചുവയസുകാരന്‍റെ കാലൊടിഞ്ഞു
കോന്നി മരങ്ങാട് സോപാനത്തിൽ ബിജുകുമാറിന്‍റെയും ലതികയുടെയും മകൻ രോഹിതിന്‍റെ (5) ഇടതു കാലാണ് ഒടിഞ്ഞത്.
വീട്ടുകാർ രോഹിതിനെ കോന്നി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലിന് ശസ്ത്രക്രിയ നടത്തും. വാഹനത്തിന്‍റെ പുറകിലത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ മൂന്നു സിലിണ്ടറുകളിൽ ഒന്നാണ് രോഹിത്തിന്‍റെ കാലിൽ ഇടിച്ചത്. ഒഴിഞ്ഞ സിലിണ്ടറുകളുമായി ഇളക്കൊള്ളൂരിലെ ഗോഡൗണിലേക്ക് പോയ ലോറിയിൽ നിന്നാണ് സിലിണ്ടർ തെറിച്ചു വീണത്. ലോറിയുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.