പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു നിയമസഭയുടെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി മോഹനന്‍ പറഞ്ഞു (Facilities for senior citizens visiting Sabarimala). മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചു പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലും സന്നിധാനത്തും മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ലഭ്യമാക്കും. കെഎസ്ആര്‍ടിസി ബസില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, പ്രാഥമിക മെഡിക്കല്‍ സംവിധാനം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സമിതി നിര്‍ദേശം നല്‍കി.
ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സമിതി ചര്‍ച്ച ചെയ്‌തു. യോഗത്തിന് ശേഷം സമിതി ചെയര്‍മാന്‍റെ നേതൃത്വത്തില്‍ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരു മടങ്ങിയ സംഘം തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ പരിശോധിച്ചു.
സമിതി അംഗങ്ങളായ വാഴൂര്‍ സോമന്‍, സി കെ ഹരീന്ദ്രന്‍, ജോബ് മൈക്കള്‍, കെ പി കുഞ്ഞഹമ്മദുകുട്ടി മാസ്റ്റര്‍, ജില്ലാ കളക്‌ടര്‍ എ ഷിബു, ജില്ലാ പോലീസ് മേധാവി വി അജിത്, പമ്പ സ്റ്റേഷന്‍ ഓഫീസര്‍ ജി പൂങ്കുഴലി, ശബരിമല എഡിഎം സൂരജ് ഷാജി, അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, മറ്റു വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.