പത്തനംതിട്ട:ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി 400 കിലോമീറ്റര്‍ സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ആര്‍.ടി.ഒ എ.കെ.ദിലു. പത്തനംതിട്ട പ്രസ് ക്ലബില്‍ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാതകളില്‍ 24 മണിക്കൂറും പ്രത്യേക സുരക്ഷ സന്നാഹങ്ങളും തീര്‍ഥാടകരെ സഹായിക്കാന്‍ 20 സ്‌ക്വാഡുകളും രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സുരക്ഷ ക്രമീകരണങ്ങൾ:അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ നിരീക്ഷിച്ച് നടപടികളെടുക്കും. ഇലവുങ്കല്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനങ്ങൾ. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലും ഓരോ ഓഫിസുകളുണ്ടാകും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓഫിസിലിരുന്നുകൊണ്ട് പാതകള്‍ നിരീക്ഷിച്ചു നടപടികളെടുക്കും.
വൈദ്യുതി വാഹനങ്ങളാകും ഇത്തവണ മോട്ടോര്‍ വാഹനവകുപ്പ് ഇതിനായി ഉപയോഗിക്കുകയെന്നും ആര്‍ടിഒ വ്യക്തമാക്കി. ശബരിമല പാതകളില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ ഏഴു മിനിട്ടിനകം മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ അജിത് കുമാര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സംവിധാനങ്ങളും സേഫ് സോണ്‍ പദ്ധതിയില്‍ സജ്ജീകരിക്കും.
ക്രെയിന്‍, ആംബുലന്‍സ് എന്നിവ സജ്ജീകരിക്കും. ബ്രേക്ക് ഡൗണ്‍ സര്‍വിസിനായി പ്രധാനപ്പെട്ട എല്ലാ വാഹന നിര്‍മാതാക്കളുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലടക്കം പരിശീലനം ലഭിച്ച 60 ഡ്രൈവര്‍മാരെ താത്‌കാലികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തും.