പത്തനംതിട്ട:ദീപാവലി ദിവസം കൊടുമണിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുമണ്‍ സ്വദേശി ആദർശിന്‍റെ (21) മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട താഴെ വെട്ടിപ്രം സ്വദേശിയായ കൊക്കോ എന്ന് വിളിക്കുന്ന പ്രസാദാണ് (60) അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പത്തനംതിട്ട മുസ്‌ലിയാർ കോളജ് വക തട്ടയിലുള്ള ഫാമിലെ സുരക്ഷ ജീവനക്കാരനാണ് ഇയാൾ. കേസിലെ രണ്ടും മൂന്നും പ്രതികളായ അങ്ങാടിക്കല്‍ തെക്കേക്കര സ്വദേശി വിനില്‍ രാജ്, കുരിയറ സ്വദേശി ബിജീഷ് എന്നിവര്‍ ഒളിവിലാണ്. ആദര്‍ശിന്‍റെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് അറിയാതിരിക്കാന്‍ മൃതദേഹത്തിന് സമീപത്തു കിടന്ന ചെരുപ്പെടുത്ത് സമീപത്തെ കാട്ടില്‍ പ്രസാദ് ഒളിപ്പിച്ചിരുന്നു. കൃഷിഭൂമി പാട്ടത്തിനെടുത്ത് വേലി നിര്‍മിച്ചത് രണ്ടും മൂന്നും പ്രതികളാണ്.
ദീപാവലി ദിവസം വൈകുന്നേരം മുതല്‍ ആദര്‍ശിനെ കാണാതായിരുന്നു. തുടർന്ന്, ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്‌ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോടിന്‍റെ കിഴക്കുവശത്തായി മുസ്‌ലിയാര്‍ കോളേജ് വക ഫാമാണ്.
ഫാമിന് നാലു ചുറ്റും ഇരുമ്പ് കൊണ്ടുള്ള നെറ്റും അതിനോട് ചേര്‍ന്ന് വൈദ്യുതി വേലിയും അനധികൃതമായി സ്ഥാപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊടുമണ്‍ പൊലീസ് മരണത്തില്‍ ദുരൂഹത സംശയിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. തുടര്‍ന്നാണ് മരണം വൈദ്യുതാഘാതമേറ്റും വെള്ളത്തില്‍ മുങ്ങിയുമാണെന്ന് വ്യക്തമായത്.
ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണ വിഭാഗവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമേറ്റുള്ള മരണമെന്നാണ് കണ്ടെത്തല്‍. മരണകാരണം സംബന്ധിച്ച അഭിപ്രായം പോസ്റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറില്‍ നിന്നും പൊലീസ് ഉടനടി തേടിയിരുന്നു.
മൃതദേഹം കിടന്ന തോടിന് സമീപമുള്ള വൈദ്യുതി വേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കറുത്ത നിറത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഭാഗം ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൃഷിഭൂമിയില്‍ തെക്കുപടിഞ്ഞാറ് മൂലയിലുള്ള വൈദ്യുതീകരിച്ച പഴയ കെട്ടിടത്തിലെ ഇലക്‌ട്രിക് മീറ്ററിന്‍റെ സമീപം സ്ഥാപിച്ച മെയിന്‍ സ്വിച്ചില്‍ നിന്നും വൈദ്യുതി പുറത്തേക്ക് എടുക്കാന്‍ വയറുകള്‍ ഉപയോഗിച്ചതായും പൊലീസിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ, കെട്ടിടത്തിന്‍റെ പുറകുവശത്തെ മോട്ടോര്‍ സ്വിച്ചിലേക്കും വയറുകള്‍ ബന്ധപ്പെടുത്തിയതും കണ്ടെത്തി. കൃഷിഭൂമി സൂക്ഷിപ്പുകാരനായ പ്രസാദിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് വേലിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്ന് സമ്മതിച്ചത്. മൃതദേഹത്തില്‍ കാണപ്പെട്ട ചെരുപ്പ് തൊടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് പ്രസാദ് എടുത്ത് പോലീസിന് കൈമാറി. ആദര്‍ശ് സ്ഥലത്തെങ്ങനെ എത്തിപ്പെട്ടു എന്നത് സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അടൂര്‍ ഡിവൈഎസ്‌പി ആര്‍ ബിനുവിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികൾക്കായി തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ സതീഷ് കുമാര്‍, അനില്‍ കുമാര്‍, എസ്‌സിപിഓമാരായ അന്‍സാര്‍, ശിവപ്രസാദ്, സിപിഓമാരായ അഭിജിത്, ജിതിന്‍, അജിത് എന്നിവരാണുള്ളത്.