പത്തനംതിട്ട:പന്തളത്തെ ലോഡ്‌ജിൽ നിന്നും 154 ഗ്രാം എം.ഡി.എം.എയുമായി 5 പ്രതികളെ പിടികൂടിയ കേസിന്‍റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്. ഈ കേസുമായി ബന്ധപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ നടത്തിയ സന്ദർശനതിനിടെയാണ് ജില്ല പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. പ്രതികളെ നാല് മണിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അടൂർ സ്വദേശികളായ രാഹുൽ ആർ (29), ആര്യൻ പി (21), കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന (23), പന്തളം സ്വദേശി വിധു കൃഷ്‌ണൻ (20), കൊടുമൺ സ്വദേശി സജിൻ (20) എന്നിവരാണ് ശനിയാഴ്‌ച (30.07.2022) അറസ്റ്റിലായത്. ഇവരെല്ലാവരും ലഹരിമരുന്നുകളുടെ വാഹകരായി പ്രവർത്തിക്കുകയാണ്. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.
ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ തങ്ങിയ ലോഡ്‌ജ് മുറിയിൽ നിന്നും ഗർഭ നിരോധന ഉറകളും ലൈംഗിക ഉത്തേജക ഉപകരണവും കൂടാതെ 25000 രൂപയും രണ്ട് മിനി വെയിങ് മെഷീനും കണ്ടെടുത്തിരുന്നു. കൂടാതെ, ഇവർ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും 9 മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.