അഡ്വ.കെ യു ജനീഷ് കുമാർ മാധ്യമങ്ങളോട് പത്തനംതിട്ട : കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന ആരംഭിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, കോന്നി ഡിഎഫ്‌ഒ ആയുഷ് കുമാർ കോറി ഐഎഫ്‌എസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കേരളത്തിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്, കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം ലഭ്യമാക്കുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ച് തെരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്. തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.
സ്‌കൈ കോപ്‌റ്റർ എ6, ക്വാഡാ കോപ്‌റ്റർ എന്നീ രണ്ട് ഡ്രോണുകളിൽ 40എക്‌സ് സൂം ക്യാമറയും തെർമൽ ക്യാമറയുമാണ് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന സംവിധാനം തെർമൽ ക്യാമറയിൽ ഉണ്ട്. കല്യാൺ സോമൻ ഡയറക്‌ടർ ആയിട്ടുള്ള ടീമിൽ അനിൽ കുമാർ മച്ചാനി ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവർ കൂടിയുണ്ട്.
ഞായറാഴ്‌ച മുതൽ സംഘം വനപാലകരോടൊപ്പം പുലിക്കായി തെരച്ചിൽ നടത്തുകയാണ്. രാക്ഷസൻ പാറയിൽ രാത്രി ക്യാമ്പ് ചെയ്‌ത് സംഘം പരിശോധന തുടരും. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി വി പുഷ്‌പവല്ലി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷാൻ ഹുസൈൻ, ആശ സജി, നടുവത്ത് മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശരത് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത സജി, മേഴ്‌സി, ബിന്ദു റെജി, എസ് പി സജൻ, ജൂബി ചക്കുതറയിൽ, പവിൻ കുമാർ, വിഷ്‌ണു തമ്പി, വനപാലകർ തുടങ്ങിയവർ ആദ്യ ഡ്രോൺ പറത്തലിന് സാക്ഷ്യം വഹിച്ചു.