പത്തനംതിട്ട: അടൂർ നഗരത്തിനു സമീപമുള്ള തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്തളം തെക്കേക്കര തട്ട മിനി ഭവനിൽ ഉണ്ണികൃഷ്‌ണ കുറുപ്പ് ആണ് മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് അടിയിൽ കുടുങ്ങിയ ഉണ്ണികൃഷ്‌ണ കുറുപ്പ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ആയിരുന്നു അപകടം.
അടൂർ വാട്ടർ അതോറിറ്റി ഓഫിസിന് സമീപം വിനോബാജി നഗറിൽ അടൂർ വലിയ തോട്ടിലേക്ക് ചേരുന്ന തോട്ടിൽ ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽ പെട്ട ഉണ്ണികൃഷ്‌ണ കുറുപ്പിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്നും അഗ്നി രക്ഷ സേനയെത്തിയാണ് തോട്ടിൽ നിന്നും ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്‌ണ കുറുപ്പിനെ പുറത്തെടുത്തത്.
പുറത്ത് എടുത്ത ഉടൻ തന്നെ ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ അജികുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്‍റെ അഞ്ച് സ്‌പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.
ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 60 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്‍റെയും, പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ല കലക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെങ്കിലും അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലകളിലും മഴ സജീവമാണ്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും ഇവിടങ്ങളില്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്