പത്തനംതിട്ട: പമ്പയിൽ കഴിഞ്ഞ ദിവസം തങ്ക അങ്കി ഘോഷയാത്രയെ എതിരേല്‍ക്കാനെത്തിയ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ മകൻ മൽഹാറിനെയും ഒക്കത്തെടുത്ത് ശരണം വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പമ്പയിലെ നടപ്പന്തലില്‍ മകനെ ഒക്കത്തെടുത്ത് ശരണം വിളിക്കുന്ന കലക്‌ടറുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്‍റെ വീഡിയോ ഇന്നാണ് പുറത്തുവന്നത്.
പമ്പയിൽ മകനെയുമെടുത്ത് ശരണം വിളിച്ച് ജില്ല കലക്‌ടർ, ഏറ്റു ചൊല്ലി ഭക്തർ; വീഡിയോ വൈറൽ
മകനുമൊത്ത് തങ്ക അങ്കി ഘോഷയാത്രയിൽ പത്തനംതിട്ട ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ ശരണം വിളിക്കുന്ന ദൃശ്യങ്ങൾ വൈറല്‍
തിങ്കളാഴ്‌ച പമ്പയില്‍ ഘോഷയാത്ര എത്തിയപ്പോഴാണ് ജില്ല കലക്‌ടര്‍ മകനെയും കൂട്ടി തങ്ക അങ്കി ദര്‍ശിക്കാനും മണ്ഡലപൂജയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എത്തിയത്. ഇന്നലെ മണ്ഡലപൂജയ്‌ക്കായാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി ഘോഷയാത്രയായി ശബരിമലയില്‍ എത്തിച്ചത്. മകനെയുമെടുത്ത് കലക്‌ടര്‍ ശരണം വിളിക്കുന്നതും കൂടിനിന്ന ഭക്തർ അതേറ്റു ചൊല്ലുന്നതും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ വർഷവും ജില്ല കലക്‌ടർ പമ്പയിൽ കീർത്തനം പാടിയതും കെ വീരമണിക്കൊപ്പം 'പള്ളിക്കെട്ട് ശബരിമലയ്‌ക്ക്...' അയ്യപ്പ ഗാനം പാടിയതും വൈറലായിരുന്നു.