പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഡെല്‍റ്റ പ്ലസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പൊലീസ്. ജില്ല അതീവ ജാഗ്രതയിലാണെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ല ഭരണ കേന്ദ്രം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. പൊലീസ് പരിശോധന ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
കടപ്രയില്‍ കര്‍ശന നിയന്ത്രണം
കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഇളവുകള്‍. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കടപ്രയിലാണ്. കടപ്ര പഞ്ചായത്തില്‍ രോഗം പകരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം കണ്ടെത്തിയ പതിനാലാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടുതല്‍ നിയന്ത്രണവുമുണ്ട്. ആളുകള്‍ പുറത്തുപോകുന്നതും പുറത്തുനിന്നും ആളുകള്‍ അകത്തുകടക്കുന്നതും കര്‍ശനമായും നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
''ഡെല്‍റ്റ പ്ലസ്- പ്രതിരോധ ശേഷിയെ തടുക്കാന്‍ ശേഷിയുള്ളത്''
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം അധികമാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് ആശങ്കാജനകമാണ്. പരിവര്‍ത്തന പ്രക്രിയ വൈറസിന്‍റെ ഘടനയെയും സ്വഭാവത്തെയും രോഗവ്യാപന രീതിയെയും മാറ്റുമോയെന്ന ആശങ്കയുമുണ്ട്. വരും ആഴ്ചകളില്‍ ഡെല്‍റ്റ പ്ലസില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ പഠനം നടക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ഉപയോഗിക്കുന്ന വാക്‌സിനെയും ആന്‍റിബോഡികളെയും ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെയും തടുക്കാന്‍ ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദമെന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണെന്നും ജില്ല പൊലീസ് മേധാവി ആര്‍ നിശാന്തിനി മാധ്യമങ്ങളോടു പറഞ്ഞു.