പത്തനംതിട്ട:തിരുവല്ലയിൽ കനത്ത മഴയില്‍ റോഡിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയെ സാരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. തിരുവല്ല തേവേരി പള്ളിവിരുത്തിയില്‍ വീട്ടില്‍ തോമസ് വി ഉമ്മനെ(56) ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പുളിന്തറ വീട്ടില്‍ സതീഷ് കുമാറിനെ(47) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
കടപുഴുകി വീണ മരം മുറിച്ച് മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ - മരം മുറിച്ച് മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവല്ല തേവേരി സ്വദേശി തോമസ് വി ഉമ്മനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്
വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തോമസ് വി ഉമ്മന്‍റെ പുരയിടത്തില്‍ നിന്നിരുന്ന വലിയ ആഞ്ഞിലി മരം മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് റോഡിലേക്ക് കടപുഴകി വീണത്. ഇത് വെട്ടിമാറ്റാനായി ഇന്നലെ രാവിലെ തിരുവല്ലയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി.
എന്നാൽ മരം മുറിച്ചു നീക്കുന്നതിന് തടസം ഉന്നയിച്ച് തോമസ് രംഗത്തെത്തുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട വാര്‍ഡ് അംഗത്തെ തോമസ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്‌ത സതീഷിനെ തോമസ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സതീശനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.