പത്തനംതിട്ട :പത്തനംതിട്ടഓമല്ലൂരിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി (dead body found burnt). ഓമല്ലൂർ പള്ളത്ത് ഭാഗത്തുള്ള സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമുള്ള റോഡരികിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് (Dead body found in road side at Pathanamthitta). മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അടുത്തിടെ തിരുവല്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. തിരുവല്ലയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിന്‍റെ (23) മൃതദേഹമാണ് തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നില്‍ കണ്ടെത്തിയത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത നിലയിലും കണ്ടെത്തിയിരുന്നു.
Also Read:മദ്രാസ് ഐഐടിയില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊട്ടാരക്കരയിലും അടുത്തിടെ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തിന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതില്‍ ബാബുവിന്‍റെ (57) മൃതദേഹമാണ് കണ്ടെത്തിയത്.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാൾ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയ ഒരു ഷെഡ് നിര്‍മ്മിച്ച് താമസിച്ച് വരികയായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് താമസിച്ചിരുന്ന ഷെഡിന്‍റെ കുറച്ചുഭാഗം തീ കത്തിയിരുന്നു. സ്വയം തീ കത്തിച്ചതെന്നാണ് ബാബു പലരോടും പറഞ്ഞത്.