പത്തനംതിട്ട : കൊടുമണില്‍ സി.പി.ഐ നേതാക്കളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ കൊടുമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.കെ ഉദയകുമാർ എന്നിവരെ നടുറോഡിലിട്ട് ക്രൂരമായി തല്ലിചതക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട് അങ്ങാടിക്കല്‍ സ്‌കൂള്‍ ജങ്‌ഷനില്‍ വച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്‌ചയായി കൊടുമണ്‍ അങ്ങാടിക്കല്‍ മേഖലയില്‍ സി.പി.എം, സി.പി.ഐ സംഘര്‍ഷങ്ങളും തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ച സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു.
സിപിഐ നേതാക്കൾക്ക് നടുറോഡില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മർദനം; ദൃശ്യങ്ങൾ ALSO READ: റാഗിങ്ങിന്‍റെ പേരിൽ നടുറോഡിൽ കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയടി; അഞ്ച് പേർ പിടിയിൽ
ഇന്നലെ സി.പി.ഐ ജില്ല സെക്രട്ടറി എ.പി ജയൻ ഉൾപ്പെടെ സി.പി.ഐ നേതാക്കളുടെ നേതൃത്തില്‍ അടൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ സഹിതം വീണ്ടും സി.പി.ഐ നേതാക്കള്‍ പൊലീസിനെ സമീപിച്ചു. സംസ്ഥാന എല്‍.ഡി.എഫ് നേതൃത്വത്തിനും സി.പി.ഐ ജില്ലാ സെക്രട്ടറി പരാതി നല്‍കി.