പത്തനംതിട്ട: ഒരു മാസക്കാലമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറുപ്പക്കാരായ കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്ത കൊച്ചു മകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റേതിൽ കമലാസനനാണ്( 76) രോഗബാധ. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ കമലാസനനെ പ്രതിയാക്കി ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്ന സമയത്ത് കമലാസനനെ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡിവൈഎസ്‌പി പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് കൊവിഡ്; ചികിത്സ കഴിഞ്ഞാല്‍ ജയിലിലേക്ക്
ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്ന സമയത്ത് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡിവൈഎസ്‌പി പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച കോച്ചിരിമുക്കത്തെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കമലാസനന്‍റെ സ്രവം കഴിഞ്ഞ ആഴ്ച പരിശോധയക്കായി എടുത്തിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ആരോഗ്യ പ്രവർത്തകരെത്തി ഞായറാഴ്ച വൈകിട്ടോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട കുടുംബാംഗങ്ങൾ ഉൾപ്പടെ 12 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന വരും ദിവസങ്ങളിൽ നടത്തുമെന്ന് നെടുമ്പ്രം പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലസ് ടു വിദ്യാർഥിനിയായ കൊച്ചു മകളെയാണ് കമലാസനൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് മരിച്ചു പോയ പെൺകുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം. കൂട്ടുകാരുമൊത്ത് കമലാസനൻ വീട്ടിൽ നടത്തുന്ന മദ്യപാനം പെൺകുട്ടിയും മാതാവ് അമ്പിളി പല തവണ എതിർത്തിരുന്നു. പെൺകുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്നു. മടങ്ങിയെത്തിയ മാതാവ് അമ്പിളി വീട്ടിൽ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതിൽ ക്ഷുഭിതനായ കമലാസനൻ അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ട് വന്ന് അമ്പിളിയെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയാണ് കൊച്ചു മകൾക്ക് വെട്ടേറ്റത്. ഇരു കൈകൾക്കും സാരമായി പരിക്കേറ്റ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകൾ ഇട്ടിരുന്നു.