പത്തനംതിട്ട; ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാതിരുന്നതിനാൽ ചികിത്സ വൈകിയ കൊവിഡ് ബാധിതന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്. ഓക്സിജന്‍ അളവ് താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും ഐസിയു കിടക്കകള്‍ ഒഴിവില്ലെന്നായിരുന്നു മറുപടി. ധനീഷിന്‍റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ബന്ധുക്കൾ കാറില്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
ഒരാഴ്ച മുൻപ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ധനേഷിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്‍റെ അളവ് കുറയുന്നുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതനുസരിച്ചു വീട്ടിലേക്ക് മടങ്ങി .ഒരാഴ്ച വീട്ടില്‍ പരിചരണത്തിൽ കഴിയുകയായിരുന്നു.