പത്തനംതിട്ട: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിന് 1,58,76,192 രൂപ നഷ്‌ട പരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്‌ജി ജിപി ജയകൃഷ്‌ണന്‍ ഉത്തരവിട്ടു. കോഴഞ്ചേരി പ്രക്കാനം കുട്ടിപ്ലാക്കല്‍ വീട്ടില്‍ കെഎം ബോബിയുടെ മകന്‍ അഖില്‍ കെ ബോബിക്കാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. ബൈക്കപകടങ്ങളിൽ പരിക്കേറ്റ കേസുകളിൽ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും ഉയർന്ന നഷ്‌ടപരിഹാര തുകയാണ് അഖിലിന് നൽകിയതെന്നാണ് വിവരം.
2017 ജൂലൈ 25 നാണ് അപകടമുണ്ടായത്. അന്ന് 24 വയസുകാരനായ അഖിൽ ബോബിയുടെ വാഹനം ഇലന്തൂര്‍ - ഓമല്ലൂര്‍ റോഡില്‍ ഗണപതി ക്ഷേത്രത്തിന് സമീപം വച്ച് എതിരേ വന്ന മറ്റൊരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികില്‍സക്കായി വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
യുഎഇയില്‍ ജോലിചെയ്‌തിരുന്ന അഖില്‍ നാട്ടില്‍ അവധിക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്. നട്ടെല്ലിനും മറ്റും സംഭവിച്ച ഗുരുതരമായ പരുക്ക് കാരണം 90 ശതമാനം സ്ഥിരവൈകല്യം ഉണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി. കോടതിയുടെ ഉത്തരവ് പ്രകാരം 1,02,49,444 രൂപ വിധിയും കേസ് ഫയല്‍ ചെയ്‌ത 14.03.218 മുതല്‍ നാളിതുവരെ ഒൻപത് ശതമാനം പലിശയും കോടതി ചെലവായ 6,17,333 രൂപ ഉള്‍പ്പെടെ 1,58,76,192 രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അഭിഭാഷകന്‍ എന്‍ ബാബു വര്‍ഗീസ് മുഖേനെ ഫയല്‍ ചെയ്‌ത കേസില്‍ രണ്ടാം എതിര്‍കക്ഷിയായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പത്തനംതിട്ട ബ്രാഞ്ചില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ തുക നല്‍കാനും കോടതി ഉത്തരവിട്ടു.
also read :Car Accident: 'അപകടസമയത്ത് എയര്‍ബാഗ് തുറന്നില്ല'; മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ
എയർബാഗ് തകരാറിൽ നഷ്‌ടപരിഹാരം : കഴിഞ്ഞ മാസം രാജസ്ഥാനിൽ കാറിലെ എയര്‍ബാഗിലുള്ള തകരാറ് മൂലം വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടിരുന്നു. 2012 ല്‍ നടന്ന വാഹനാപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട വീരേന്ദ്ര സിങിന്‍റെ കുടുംബത്തിനാണ് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ പ്രമുഖ കാർ നിർമാതാവിനോടാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്. അപകടസമയത്ത് സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗ് തുറക്കാത്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ മരിച്ചതെന്ന പരാതിയില്‍, ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചെയര്‍മാന്‍ ദേവേന്ദ്ര കച്ച്‌വാഹ, അംഗങ്ങളായ നിർമൽ സിങ് മെഡത്‌വാൾ, ലിയാഖത്ത് അലി എന്നിവരുടേതാണ് ഉത്തരവ്.
അപകടത്തിലെ വരുമാനനഷ്‌ടം ഇനത്തില്‍ 20 ലക്ഷം രൂപയും പരാതി ചെലവ്, മാനസിക പിരിമുറുക്കം എന്നിവയ്‌ക്ക് 50,000 വീതവും 45 ദിവസത്തിനകം മരിച്ചയാളുടെ കുടുംബത്തിന് കൈമാറണമെന്നായിരുന്നു കാര്‍ നിര്‍മാതാക്കളോട് നിർദേശിച്ചിട്ടുള്ളത്.