പത്തനംതിട്ട:ആറാം വയസിൽ നേരിട്ട ലൈംഗികാതിക്രമം പങ്കുവെച്ച് പത്തനംതിട്ട ജില്ല കലക്‌ടർ ഡോ ദിവ്യ എസ് അയ്യർ. വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ മാധ്യമ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്‌ടർ.
'രണ്ടു പുരുഷന്മാര്‍ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവര്‍ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവര്‍ എന്‍റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്‌മ തോന്നിയത്. അപ്പോള്‍ തന്നെ ഞാന്‍ ഓടി രക്ഷപ്പെട്ടു.
മാതാപിതാക്കള്‍ തന്ന മാനസിക പിന്‍ബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആള്‍ക്കൂട്ടങ്ങളില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ എല്ലാവരെയും സൂക്ഷിച്ചു നോക്കും. ആ രണ്ടു മുഖങ്ങള്‍ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്. അവര്‍ ആരായിരുന്നു എന്ന് എനിക്കറിയില്ല, അതിന് ശേഷം ഞാന്‍ അവരെ കണ്ടിട്ടില്ല.
പക്ഷെ അവരുടെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ ആറുവയസുകാരിക്ക് അന്ന് ഒന്നും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല,' ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നേരിട്ട ദുരനുഭവത്തെകുറിച്ചു കലക്‌ടർ പറഞ്ഞതിങ്ങനെ.
ചെറിയ പ്രായത്തില്‍ തന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നും പൂമ്പാറ്റകളെ പോലെ പാറിനടക്കേണ്ട പ്രായത്തില്‍ കുട്ടികളെ മാനസിക ആഘാതത്തിലേക്ക് തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും കലക്‌ടർ പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കണമെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഒരു പെൺകുട്ടിയെ മാനസികമായി തകർത്ത സംഭവവും ദിവ്യ എസ് അയ്യർ പങ്കുവെച്ചു. പരിശീലന ക്യാമ്പിൽ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസാരിക്കവേയാണ് കലക്‌ടർ ഈ വിഷയം പങ്കിട്ടത്. 'കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വിനോദയാത്ര പോയത് വിവാദമായപ്പോൾ ജീവനക്കാർ ടൂർ പോയതിന്‍റെ ഒരു വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ നിസാരമല്ല.
വിവാദ വിനോദ യാത്രയുടെ പേരില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ എന്നത് പോലും പരിഗണിക്കാതെയാണ് വീഡിയോ ആരോ പുറത്തു വിട്ടത്. അത് സംപ്രേഷണം ചെയ്‌തു. അനന്തരഫലം എന്തെന്ന് ചിന്തിക്കാതെ നടത്തിയ പ്രവര്‍ത്തി ആയിരുന്നു അത്.
ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് മുന്നില്‍ നിന്ന് പാട്ടുപാടിയ വ്യക്തിയുടെ ചിത്രമായിരുന്നു. ആ വ്യക്തി ഞങ്ങളുടെ ജീവനക്കാരി ആയിരുന്നില്ല. ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥയുടെ മകളായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് ആണ് അതിന് കിട്ടിയത്. അതൊരിക്കലും നല്ല കാര്യത്തിന് ആയിരുന്നില്ല.
അമ്മയുടെ കൂടെ വളരെ സ്വകാര്യമായി ഒരു പ്രോഗ്രാമിന് പോയി. അവിടെ ഒരു പാട്ടുപാടി എന്നത് മാത്രമേ ആ കുട്ടി ചെയ്‌തിട്ടുള്ളൂ. എന്നാല്‍ അതിന് ശേഷം ആ വിദ്യാര്‍ഥിനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികസംഘര്‍ഷം എത്രത്തോളമായിരിക്കുമെന്ന് ഒരു പക്ഷേ, പുറംലോകം അറിഞ്ഞിട്ടുണ്ടാവില്ല. ഇവിടെ എത്തിയതിന്‍റെ അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു.
ഞാന്‍ നേരിട്ട് അവളെ കണ്ടു സംസാരിക്കുന്ന സമയത്തും ഇനി ഞാന്‍ പാട്ടേ പാടില്ല എന്ന അവസ്ഥയിലായിരുന്നു.ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നീട് കുറേയധികം ആ കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഒരു പിന്തുണ നല്‍കേണ്ടതായി വന്നിരുന്നു. എന്നിട്ടും കുറേയധികം ദിവസം കലാലയത്തിലേക്ക് പോകുവാന്‍ പോലും വളരെയധികം മാനസിക പ്രതിസന്ധിയും സംഘര്‍ഷവും കാരണം കഴിഞ്ഞില്ല. അത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നമ്മുടെയിടയിലും സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് ഈ സംഭവം സൂചിപ്പിച്ചത്,' കലക്‌ടർ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ക്ക് നമ്മള്‍ ഹേതുവാകുന്നില്ല എന്ന് നമ്മള്‍ ഉറപ്പു വരുത്തണമെന്നും ആരും കരുതിക്കൂട്ടി ചെയ്യുന്ന സംഭവമല്ല എങ്കിലും ചെയ്യുന്ന പ്രവൃത്തി ആരെയൊക്കെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കുകയും വേണമെന്ന് കലക്‌ടർ പറഞ്ഞു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെപ്പോലും ബാധിക്കുവാന്‍ തക്ക തരത്തിലുള്ള ആയുധമാണ് നിങ്ങളുടെ കൈയിലുള്ളതെന്ന തിരിച്ചറിവു വേണമെന്നും മാധ്യമപ്രവർത്തകരെ സംബോധന ചെയ്‌തു കൊണ്ട് കലക്‌ടർ വ്യക്തമാക്കി.