പത്തനംതിട്ട:ചെങ്ങന്നൂർ മുളക്കുഴയിൽപ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ഇന്നലെ ഡിസ്‌ചാർജ് ചെയ്‌തു. കുട്ടിയെ പത്തനംതിട്ടയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ഓമല്ലൂരിലെ 'തണൽ' സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നവജാത ശിശുവിനെ കണ്ടെത്തിയത് ശുചിമുറിയിലെ ബക്കറ്റിൽ നിന്ന്: ഏപ്രിൽ നാലാം തിയതി ആയിരുന്നു ജനിച്ച ഉടൻ തന്നെ അമ്മ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ചത്. തുടർന്ന് അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവത്തെക്കുറിച്ചും നവജാത ശിശുവിനെ ഉപേക്ഷിച്ചതിനെ കുറിച്ചും ഡോക്‌ടറോട് വെളിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് യുവതിയുടെ ചെങ്ങന്നൂർ മുളക്കുഴയിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. വീട്ടിലെ ശുചിമുറിയിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഐസിഎച്ചിലെ വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് വിദഗ്‌ധ ചികിത്സ നൽകിയത്. പത്തനംതിട്ട സിഡബ്ല്യൂസിയിലെ നാല് കെയർടേക്കർമാരും മാറിമാറി 24 മണിക്കൂറും കുഞ്ഞിന് ഒപ്പമുണ്ടായിരുന്നു. മാസം തികയാതെയായിരുന്നു കുഞ്ഞിന്‍റെ ജനനം. എട്ട് മാസം മാത്രം വളർച്ചയുണ്ടായിരുന്നു കുഞ്ഞിന് 1.3 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ശ്വാസംമുട്ടൽ, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, അവയവങ്ങളുടെ വളർച്ച കുറവ് തുടങ്ങിയ പ്രതിസന്ധികളും നേരിട്ടിരുന്നു.
എന്നാൽ ഐസിഎച്ചിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ പരിചരണത്തിൽ കുഞ്ഞ് അതിവേഗം ആരോഗ്യനില വീണ്ടെടുക്കുകയായിരുന്നു. പത്തനംതിട്ട സിഡബ്ല്യൂസിയിലെ കെയർ ഗിവർ രാജിയാണ് ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കൽ ടീമിനെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വീണ ജോർജ് അഭിനന്ദനം അറിയിച്ചത്.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:'അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും... പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ ഇന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തു. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കും. കുഞ്ഞിന്‍റെ പരിചരണത്തിനായി കെയര്‍ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചാണ് വിദഗ്‌ധ ചികിത്സ നല്‍കിയത്. കുഞ്ഞിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിനന്ദനമറിയിക്കുന്നു' -മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു
Also read :വീട്ടുകാര്‍ അറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി; ആരോഗ്യനില വഷളായ പെണ്‍കുട്ടി ആശുപത്രിയില്‍, നവജാത ശിശു മരിച്ചു