ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു - Chathankari
പ്രധാന കെട്ടിടത്തിലടക്കം വെള്ളം കയറിയതിനെ തുടർന്നാണ് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്
പത്തനംതിട്ട: പ്രധാന കെട്ടിടത്തിലടക്കം വെള്ളം കയറിയതിനെ തുടർന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിലും മറ്റ് രണ്ട് ക്വാർട്ടേഴ്‌സുകളിലുമാണ് ഞായറാഴ്ച രാവിലെയോടെ വെള്ളം കയറിയത്. ചികിത്സ ഉപകരണങ്ങൾ അടക്കമുള്ളവ നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. തിരുവല്ല നഗരസഭയിലും നാല് പഞ്ചായത്തുകളിലും അടക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.എം സാബുക്കുട്ടി പറഞ്ഞു.