ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് 250 ലിറ്റര്‍ കോട പിടിച്ചു
കരികിലപ്പാറ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്‍റെ പറമ്പിലെ കിണറിന് സമീപം മഴക്കുഴിയിലാണ് കോട സൂക്ഷിച്ചിരുന്നത്.
പത്തനംതിട്ട: പെരുനാട് നാറാണംമൂഴി തോണിക്കടവ് കൊളമല റോഡില്‍ കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്‍റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പൊലീസ് കണ്ടെടുത്ത് നശിപ്പിച്ചു. ക്വാറന്‍റൈനിലുള്ളവരെയും മറ്റും നിരീക്ഷിച്ചുവരവേ ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട കണ്ടെത്തിയത്. കരികിലപ്പാറ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്‍റെ പറമ്പിലെ കിണറിന് സമീപം മഴക്കുഴിയിലാണ് കോട സൂക്ഷിച്ചിരുന്നത്. 250 ലിറ്റര്‍ കൊള്ളുന്ന വീപ്പയ്ക്കുള്ളില്‍ നിറച്ചനിലയിലാണ് കോട കണ്ടെത്തിയത്.