പത്തനംതിട്ട :അരക്കോടിയിലധികം രൂപ വിലവരുന്ന ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ മോഷ്‌ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. ഏഴംകുളത്ത് സ്ക്രീൻ ആൻഡ് സൗണ്ട് എന്ന പേരിൽ കേബിൾ നെറ്റ്‌വർക്ക് നടത്തുന്ന ഏഴംകുളം സ്വദേശി അജി ഫിലിപ്പ്(48) ആണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
മോഷണം, പൊതുമുതൽ നശികരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ട പ്രതി പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്‌ച അടൂരിൽ വച്ച് ഇയാളുടെ വാഹനം പൊലീസ് പിന്തുടർന്നു. പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് അടൂർ സെൻട്രൽ ജങ്‌ഷനിൽ ഇയാൾ വാഹനം നിർത്തി അടുത്തുള്ള ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറി. പൊലീസ് ഹോട്ടലിൽ എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചു പിടികൂടുകയായിരുന്നു.
കേസിൽ മറ്റു പ്രതികളായ അജി ഫിലിപ്പിന്‍റെ സഹോദരൻ ജിജി ഫിലിപ്പ്(52), സഹായി പ അനൂപ് (18), രഞ്ജിത് (26) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഏപ്രിൽ മാസം 17നും ജൂൺ 13നുമിടയിൽ നാല് തവണയായി 50 ലക്ഷത്തിലധികം രൂപയുടെ കേബിളുകൾ മോഷ്‌ടിച്ചതാണ് കേസ്. ഒന്നാം പ്രതി അജി ഫിലിപ്പ് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചില്ല. സുപ്രീം കോടതി വാദം കേൾക്കാൻ പോലും തയ്യാറാകാതെ ജാമ്യപേക്ഷ തള്ളുകയായിരുന്നു.