പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്‍റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെയും ആദായനികുതി വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ തുടരുന്ന പരിശോധനകളുടെ ഭാഗമായി മൊഴിയെടുക്കൽ തുടങ്ങി. സഭാ ആസ്ഥാനത്ത് നിന്നടക്കം പിടിച്ചെടുത്ത ഭൂമിയിടപാടുകൾ അടക്കമുള്ള രേഖകളുടെ വിശദാംശങ്ങൾ അറിയുന്നതിനായി സഭയുടെ ഉന്നത പദവി വഹിക്കുന്നവരിൽ നിന്നും മൊഴിയെടുക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
ബിലീവേഴ്‌സ് സഭാ റെയ്‌ഡ്; മൊഴിയെടുക്കല്‍ ആരംഭിച്ച് ഇഡി
അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിലവിൽ നടപടികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി രൂപ പിടിച്ചെടുത്തിരുന്നു.
പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം ശനിയാഴ്ച രാവിലെ എത്തിച്ചേർന്നിരുന്നു. അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിലവിൽ നടപടികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി രൂപ സഭാ ആസ്ഥാനത്ത് നിന്നും സഭയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്‌സ് ചർച്ച് കണക്കിൽപ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ തുക ഭൂമി വാങ്ങിക്കൂട്ടുന്നതിനും മറ്റ് ഇടപാടുകൾക്കുമായി വക മാറ്റി ചെലവഴിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.