പൊലീസ് ഉദ്യാഗസ്ഥന്‍ പ്രതികരിക്കുന്നു പത്തനംതിട്ട : തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്‍റെ വേഷം ധരിച്ചെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ആൺ സുഹൃത്തിന്‍റെ പ്രസവിച്ചു കിടന്ന ഭാര്യയെ രക്ത ധമനിയിൽ വായു കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുഷയ്‌ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആക്രമിക്കപ്പെട്ട സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് അനുഷയുടെ മൊഴി. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെയും അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് സ്‌നേഹയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌നേഹയ്‌ക്ക് ആശുപത്രി അധികൃതർ കൃത്യമായ ചികിത്സ നൽകിയതിനാൽ മകളുടെ നില നിലവിൽ തൃപ്‌തികരമാണെന്നും പിതാവ് അറിയിച്ചു.
അരുണുമായി അടുപ്പത്തിലെന്ന് അനുഷ : നിങ്ങളെ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോയെന്ന് മുറിയിൽ എത്തിയ അനുഷയോട് മകള്‍ ചോദിച്ചപ്പോൾ ലീവിലായിരുന്നുവെന്നാണ് അവർ മറുപടി നൽകിയതെന്നും പിതാവ് പറഞ്ഞു. അതേസമയം അരുണിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അരുണിന്‍റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. അരുണുമായി അനുഷക്ക് അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
അനുഷയും അരുണും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം സ്‌നേഹക്ക് മൂന്ന് തവണ അനുഷ ഇഞ്ചക്ഷൻ എടുത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയിലെ വിവരങ്ങള്‍ അരുണ്‍ അനുഷയുമായി പങ്കുവച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതക ശ്രമത്തില്‍ അരുണിന് പങ്കുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകും. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിന്‍റെ വേഷം ധരിച്ചെത്തിയ കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷ(25) ഇവരുടെ സുഹൃത്തായ കായംകുളം പുല്ലുകുളങ്ങര സ്വദേശി അരുണിന്‍റെ ഭാര്യ സ്‌നേഹ(24)യെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അമ്മയ്‌ക്ക് തോന്നിയ സംശയം സ്‌നേഹയുടെ ജീവൻ രക്ഷിച്ചു : സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്‌നേഹയെ സിറിഞ്ച് ഉപയോഗിച്ച് രക്ത ധമനിയിലേക്ക് വായു കുത്തി വച്ച് കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന സ്‌നേഹയുടെ അമ്മയ്‌ക്ക് തോന്നിയ സംശയമാണ് ഇവരുടെ ജീവൻ തിരിച്ചു കിട്ടാൻ കാരണം. പ്രസവ ശുശ്രൂഷ കഴിഞ്ഞ് സ്‌നേഹയെ ഡിസ്‌ചാർജ് ചെയ്‌തിരുന്നു.
എന്നാൽ പരിശോധന ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തിരുന്നില്ല. സ്‌നേഹയും അമ്മയും ആശുപത്രി മുറിയിൽ വിശ്രമിക്കുമ്പോഴാണ് അനുഷ നഴ്‌സിന്‍റെ വേഷം ധരിച്ച ഇഞ്ചക്ഷൻ എടുക്കാൻ എത്തിയത്. എന്നാൽ എല്ലാ ട്രീറ്റ്‌മെന്‍റും കഴിഞ്ഞെന്നും പിന്നെ എന്തിനാണ് ഇഞ്ചക്ഷൻ എന്നും സ്‌നേഹയുടെ അമ്മ ചോദിച്ചു. ഒരു ഇഞ്ചക്ഷൻ കൂടി ഉണ്ടെന്നു പറഞ്ഞാണ് അനുഷ സ്‌നേഹയുടെ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയത്.
അതിൽ മരുന്ന് ഇല്ലെന്ന് മനസിലാക്കിയ സനേഹയുടെ അമ്മ ബഹളം വച്ചു. ഉടൻ നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും എത്തി അനുഷയെ തടഞ്ഞു വച്ചു. ആളെ മനസിലാകാതിരിക്കാൻ ഇവർ മാസ്‌ക് ധരിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി അനുഷയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കണ്ടിയൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു അനുഷ. അരുണും അനുഷ്‍യും തമ്മിൽ വര്‍ഷങ്ങളായി പരിചയക്കാരാണ്. അനുഷയുടെ ആദ്യ വിവാഹം വേർപിരിഞ്ഞിരുന്നു. ഇവരുടെ നിലവിലെ ഭര്‍ത്താവ് വിദേശത്താണ്.