പത്തനംതിട്ട : ആരോഗ്യമന്ത്രിയുടെ പേരില്‍ വെട്ടിപ്പ് നടത്തിയ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖില്‍ സജീവ് (Akhil Sajeev) സ്ഥിരം തട്ടിപ്പുകാരൻ (Constant Fraudster). സിഐടിയു (CITU) മുന്‍ ഓഫിസ് സെക്രട്ടറിയായിരിക്കെ ഇയാള്‍ കള്ളയൊപ്പിട്ട് (Forgery) 3.6 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ടൂറിസം ഡിപ്പാർട്ടുമെന്‍റിലും (Tourism Department) ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും (Travancore Titanium) ജോലി വാഗ്‌ദാനം ചെയ്‌ത് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായും ആരോപണമുണ്ട് (Allegations Against Health Minister's Personal staff).
പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇയാളുടെ സാമ്പത്തിക തട്ടിപ്പിനെതിരെ പാര്‍ട്ടി ക്രിമിനല്‍ കേസ് കൊടുത്തിട്ടുമുണ്ട്. ഓഫിസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കണ്ടെത്തിയതോടെ രണ്ടരവര്‍ഷം മുന്‍പ് എല്ലാ ചുമതലകളിൽ നിന്നും ഇയാളെ മാറ്റിയതാണെന്ന് സിഐടിയു ജില്ല നേതൃത്വം അറിയിച്ചു.
ഇയാൾക്കെതിരെ കേസെടുത്തെങ്കിലും അറസ്‌റ്റ് ചെയ്‌തിരുന്നില്ല. ഇയാള്‍ ഒളിവിലായിരുന്നതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴും അറസ്‌റ്റിലാകാതെ ഇയാൾ ആരുടെ പിൻബലത്തിലാണ് സർക്കാർ സംവിധാനങ്ങളുടെ പേരുപറഞ്ഞ് തട്ടിപ്പ് തുടരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം ഇയാള്‍ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയാണ്, മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അഞ്ചുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കിയെന്നതും ഇതിന്‍റെ ഇടനിലക്കാരന്‍ അഖില്‍ സജീവാണെന്നും പരാതി ഉയർന്നിരിക്കുന്നത്.
കള്ളയൊപ്പിട്ട് ലക്ഷങ്ങള്‍ തട്ടി :സിഐടിയു ജില്ല കമ്മിറ്റിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 3.6 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഓഫിസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവിനെതിരെ അന്നത്തെ സിഐടിയു നേതൃത്വം ൽകിയ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. ജില്ല സെക്രട്ടറി, ഖജാന്‍ജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ അറിയിച്ചു.
വ്യാജ ഒപ്പിട്ട് 2.2 ലക്ഷം രൂപ അഖില്‍ പിന്‍വലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ എല്‍പ്പിച്ച 1,40,000 രൂപയും അഖില്‍ തട്ടിയെടുത്തിരുന്നു. പണമിടപാട് നടത്തിയിരുന്ന ചിലര്‍ക്ക് പ്രതി വ്യാജ ഒപ്പിട്ട് ചെക്ക് നല്‍കിയിരുന്നു. ഇത് ബാങ്കില്‍ നൽകിയപ്പോൾ മടങ്ങിയതോടെയാണ് ചെക്ക് കിട്ടിയവർ പരാതിയുമായി എത്തിയത്. വിവരമറിഞ്ഞ നേതാക്കള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്നും തുടര്‍ന്ന് ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതെന്നും ഇവര്‍ അറിയിച്ചു.
സിഐടിയു ഓഫിസ് സെക്രട്ടറിയായിരിക്കെ വ്യാജ സീലും ഒപ്പുമുണ്ടാക്കി തൊഴിലാളികളുടെ ലെവി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നുവെന്ന് നിലവിലെ സിഐടിയു പത്തനംതിട്ട ജില്ല സെക്രട്ടറി പി ബി ഹർഷകുമാറും മാധ്യമങ്ങളെ അറിയിച്ചു. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം ഉള്‍പ്പടെ മൂന്ന് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അതില്‍ നിന്ന് ഏറെ തുക ഇയാളില്‍ നിന്ന് തിരിച്ചുപിടിച്ചുവെന്നും ഹർഷകുമാർ പറഞ്ഞു.
ജോലി വാഗ്‌ദാനവും പണംതട്ടലും മുമ്പും :ടൂറിസം ഡിപ്പാർട്ടുമെന്‍റിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി വാഗ്‌ദാനം ചെയ്‌ത് പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായി അഖിൽ സജീവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ പാർട്ടി അന്വേഷിച്ചപ്പോൾ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നാണ് ഇയാൾ മറുപടി നൽകിയത്. എന്നാൽ പണം നൽകിയവർ ഇയാൾക്കെതിരെ രേഖാമൂലം പരാതി നൽകി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ഇയാൾ പണം വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സാമ്പത്തിക തട്ടിപ്പിനെതിരെ പാര്‍ട്ടി ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ടെന്നും സിഐടിയു പത്തനംതിട്ട ജില്ല സെക്രട്ടറി പി ബി ഹർഷകുമാർ പറഞ്ഞു. എന്നാൽ അഖില്‍ മാത്യുവിനെ കുറിച്ച് അത്തരമൊരു ആക്ഷേപം ഇതുവരെ കേട്ടിട്ടില്ലെന്നും അങ്ങനെ ആകാന്‍ സാധ്യതയുള്ള ആളല്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ആരോപണം പരിശോധിക്കുമെന്നും ഹര്‍ഷകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നോർക്ക റൂട്ട്സിന്‍റെ പേരിലും തട്ടിപ്പ് :നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് അഖില്‍ സജീവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തി അഭിഭാഷകനായ ശ്രീകാന്ത് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും 2020 സെപ്റ്റംബറിലാണ് സംഭവമെന്നും ശ്രീകാന്ത് പറഞ്ഞു. തന്‍റെ പരാതിയിൽ പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും ശ്രീകാന്ത് അറിയിച്ചു.
അഖിൽ സജീവ് എന്തുകൊണ്ട് അറസ്‌റ്റിലാകുന്നില്ല :സിഐടിയു ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരിക്കെ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അഖിൽ സജീവിനെതിരെ പൊലീസ് കേസെടുത്തത്. പതിനഞ്ചുമാസം പിന്നിടുമ്പോഴും ഒരു തട്ടിപ്പ് കേസ് പ്രതിയെ അറസ്‌റ്റ് ചെയ്യാൻ പോലീസിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും ആരുടെ പിൻബലത്തിലാണ് ഇയാൾ തട്ടിപ്പ് തുടരുന്നതെന്നുമാണ് ഉയരുന്ന ചോദ്യം.
ഇയാൾക്കെതിരെ പാർട്ടി കേസ് കൊടുത്തിട്ടുപോലും പിടിയിലാകുന്നില്ല എന്നത് ദുരൂഹമായി തുടരുകയാണ്. ഭരണ സംവിധാനങ്ങളിൽ ചങ്ങാത്തം ഇല്ലെങ്കിൽ ആരോഗ്യ വകുപ്പിൽ ഒരാൾ ജോലിക്ക് അപേക്ഷിച്ച കാര്യം തട്ടിപ്പുകാരൻ എങ്ങനെ മനസിലാക്കി എന്നതുൾപ്പടെ നിരവധി ചോദ്യങ്ങളും ഒപ്പം ഉയരുന്നുണ്ട്. പ്രതി പിടിയിലായാല്‍ മാത്രമേ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ അഖിൽ സജീവിന്‍റെ അറസ്‌റ്റ് ആരെങ്കിലുമൊക്കെ ഭയക്കുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.
അഖിലിന്‍റെ വീടിന്‍റെ വാതിലുകൾ തകർത്ത നിലയിൽ :കേസിൽപ്പെട്ട് മുങ്ങിയ അഖിൽ സജീവിന്‍റെ പത്തനംതിട്ട വള്ളിക്കോട്ടുള്ള വീട് കഴിഞ്ഞ ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്. ഇയാളുടെ കുടുംബം മറ്റെവിടെയോ ആണ് താമസം എന്നാണ് വിവരം. ഒരു വർഷത്തിലധികമായി അഖിൽ വീട്ടിൽ വന്നുകണ്ടിട്ടില്ലെന്നാണ് സമീപവാസികൾ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വീടിന്‍റെ കതകിന്‍റെ ഒരു ഭാഗം ചവിട്ടി പൊളിച്ച നിലയിലുമാണുള്ളത്.