പത്തനംതിട്ട :അടൂർ പഴകുളം റംല ബീവി കൊലക്കേസില്‍ പ്രതി പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ട മൗതണ്ണന്‍ പുരയിടത്തില്‍ മുഹമ്മദ് ഷിഹാബിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഷിഹാബ് റംല ബീവിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി - നാലിലെ ജഡ്‌ജി പി.പി. പൂജ പ്രതിയെ ശിക്ഷിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി.
ഐപിസി 302 പ്രകാരം ജീവപര്യന്തം തടവിന് പുറമെ 25,000 രൂപ പിഴ അടയ്ക്കണം. സെക്ഷന്‍ 397, 454 എന്നിവ പ്രകാരം ഏഴുവര്‍ഷം വീതം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
9 വർഷത്തിന് ശേഷം വിധി :2013 മാര്‍ച്ച് 11ന് രാവിലെ 11നാണ് കേസിനാസ്‌പദമായ സംഭവം. പ്രതി മുഹമ്മദ് ഷിഹാബും അടൂർ പഴകുളം പടിഞ്ഞാറ് യൂനുസ് മന്‍സിലില്‍ യൂസഫും ഭാര്യ റംല ബീവിയും മുന്‍പരിചയക്കാരാണ്. ഈ പരിചയത്തിൽ പ്രതി വീട്ടിലെത്തി റംല ബീവിയോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.