പത്തനംതിട്ട: ജില്ലയില്‍ ഈ മാസം 23ന് മുന്‍പായി 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ മുറികള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കലക്ട്രേറ്റില്‍ നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓരോ പഞ്ചായത്തിലും 100 മുറികള്‍ വീതവും നഗരസഭയില്‍ 250 മുറികളും സജ്ജമാക്കണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിനായി സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, കെട്ടിടങ്ങള്‍, വലിയ ഓഡിറ്റോറിയങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാം.
പത്തനംതിട്ടയില്‍ 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ മുറികള്‍ സ്ഥാപിക്കും - കൊവിഡ് വാര്‍ത്തകള്‍
വേണ്ട നടപടികള്‍ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് നിര്‍ദേശം നല്‍കി
രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം, എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. സെന്‍ററില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണുണ്ടാവുക. ഇവര്‍ക്ക് ആശയവിനിമയത്തിനായി മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടാവണം.വളണ്ടിയേഴ്‌സ്, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി എന്നിവരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ഇവിടങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ബയോ - മെഡിക്കല്‍ അവശിഷ്ടങ്ങള്‍ മെഡിക്കല്‍ ഓഫിസറുമായി ചേര്‍ന്ന് നീക്കം ചെയ്യണം.
രോഗികളുടെ യാത്രാ സൗകര്യത്തിനായുള്ള വാഹനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് ഓട്ടോ/ ടാക്‌സികള്‍ ഒരേ സമയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലുണ്ടാവണം. ആവശ്യമായ ശുചിമുറി സംവിധാനം ഉറപ്പുവരുത്തണം. വിനോദത്തിനാവശ്യമായ ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് സൗകര്യവും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഡിഎംഒ ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എബി സുഷന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.