പത്തനംതിട്ട: ജില്ലയിൽ വീണ്ടും കാപ്പ നിയമപ്രകാരം പൊലീസ് നടപടി. അടൂർ പറക്കോട് സുബൈർ മൻസിലിൽ അജ്‌മലിനെയാണ് (26) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ) പ്രകാരം അറസ്റ്റ് ചെയ്‌ത് കരുതൽ തടങ്കലിലാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചതായി ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്‌ടറുടെ ഉത്തരവിനെ തുടർന്നാണ് പൊലീസ് നടപടി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നരഹത്യാശ്രമം, വീടുകയറി അതിക്രമം നടത്തൽ, ആയുധങ്ങൾ കൈവശം വയ്ക്കൽ, നിരോധിത പുകയില ഉല്‍പന്നങ്ങൾ വിപണനം ചെയ്യൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായി ജയിൽ വാസമനുഭവിച്ചിട്ടുള്ളയാളാണ് അജ്‌മൽ. നിലവിൽ പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത വധശ്രമ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയായി കഴിഞ്ഞുവരികയായിരുന്ന ഇയാളെ കാപ്പ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ്, ജയിലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.