കേരളം

kerala

ETV Bharat / state

വടക്കഞ്ചേരിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു ; പൊറുതിമുട്ടി മേഖലയിലെ കുടുംബങ്ങള്‍

മംഗലംഡാം സ്വദേശി പുത്തൂർ ജോയിയുടെ തോട്ടത്തിലെ വീടാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം തകർത്തത്

wild elephants destroyed house In Vadakkancherry  palakkad news  കാട്ടാനക്കൂട്ടം വീട് തകർത്തു  wild elephants  വടക്കഞ്ചേരിയിൽ കാട്ടാന ശല്യം
വടക്കഞ്ചേരിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു

By

Published : Mar 9, 2022, 2:52 PM IST

പാലക്കാട് :വടക്കഞ്ചേരിമംഗലംഡാം വിആർടി കവയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. മംഗലംഡാം സ്വദേശി പുത്തൂർ ജോയിയുടെ തോട്ടത്തിലെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. രാത്രി സമയങ്ങളിൽ ഇവിടെ ആൾ താമസമില്ല. കാലത്ത് ഒരു തൊഴിലാളി എത്തിയപ്പോഴാണ് സംഭവമറിയുന്നത്.

വീട്ടിലുണ്ടായിരുന്ന രണ്ട് കട്ടിലുകൾ, അലമാര തുടങ്ങിയവയടക്കം ആനക്കൂട്ടം തകർത്തു. മിക്ക ദിവസങ്ങളിലും രാത്രി ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു.

ഈ ഭാഗത്താണ് കഴിഞ്ഞ വർഷം 18 മാസം ഗർഭിണിയായ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. കവുങ്ങ് മറിച്ചിട്ടത് വൈദ്യുതി ലൈനിൽ തട്ടി ആനയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയ കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയി താഴ്ഭാഗത്ത് താമസമാക്കിയിട്ടുണ്ട്.

also read: 'കടല്‍ കടന്നെത്തിയ ഇഗ്വാന മഞ്ചേരിയില്‍ മുട്ടയിടുന്നു' .. അറിയാം സുനീറിന്‍റെ വീട്ടിലെ ഇഗ്വാന വിശേഷങ്ങൾ

പലരും പകൽ സമയങ്ങളിൽ കൃഷിസ്ഥലങ്ങളിലെത്തി പണി ചെയ്ത് പോവുകയാണ് ചെയ്യുന്നത്. ചിമ്മിനി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഈ ഭാഗത്ത് സോളാർ വേലി നിർമിച്ച് സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

സോളാർ വേലി നിർമിക്കും

വിആർടി കവയിൽ ചിമ്മിനി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഭാഗത്ത് സോളാർ വേലി നിർമിക്കുമെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ചർ കെ അഭിലാഷ് അറിയിച്ചു. ഒരു കിലോമീറ്റർ നീളത്തിലാണ് വേലിയൊരുക്കുക. ഇതിനുള്ള സാധനങ്ങൾ എല്ലാം മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. നാട്ടുകാരുടെ അഭിപ്രായവും കൂടി പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details