പാലക്കാട് :നാലുവര്‍ഷമായി നാടിനെ നട്ടംതിരിച്ച കാട്ടുകൊമ്പന്‍ പി.ടി സെവനെ മയക്കുവെടിവച്ചു. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിര്‍ണായകമാണെന്നും ദൗത്യസംഘം അറിയിച്ചു. നിലവില്‍ ആനയെ ദൗത്യസംഘം നിരീക്ഷിച്ചുവരികയാണ്.
നാടിനെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി.ടി സെവനെ മയക്കുവെടിവച്ചു ; ആനയെ നിരീക്ഷിച്ച് ദൗത്യസംഘം - ദൗത്യസംഘം
നാലുവര്‍ഷമായി നാടിനെ വിറപ്പിച്ചിരുന്ന പി.ടി സെവനെന്ന കാട്ടുകൊമ്പനെ ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചു, തുടര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ദൗത്യസംഘം.

ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പില്‍ നിന്നും പുറപ്പെട്ടു. ഇന്ന് രാവിലെ തന്നെ കാട്ടുകൊമ്പന്‍ ധോണിയില്‍ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കാട്ടാനയെ ദൗത്യസംഘം കണ്ടെത്തിയത്. പിന്നീട് വനം ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മയക്കുവെടി വയ്ക്കുകയുമായിരുന്നു.
ദൗത്യത്തിന്‍റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഓഫിസര്‍ എന്‍.രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് സുപ്രധാന പങ്കുവഹിച്ചത്.