കേരളം

kerala

ETV Bharat / state

ഇടംവലം വിക്രമനും ഭരതനും, പിന്നില്‍ സുരേന്ദ്രന്‍; കുങ്കിയാനകളുടെ സഹായത്തോടെ പി.ടി സെവനെ ലോറിയില്‍ കയറ്റി ഫോറസ്‌റ്റ് ഓഫിസിലെത്തിച്ചു - ധോണി

ഇന്ന് കാലത്ത് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് മയക്കുവെടി വച്ച കാട്ടുകൊമ്പന്‍ പി.ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ഫോറസ്‌റ്റ് ഓഫിസിലെത്തിച്ചു

Wild Elephant PT7  Wild Elephant  PT7 shifted to Dhoni Forest Office  Kunki Elephants  ഇടംവലം വിക്രമനും ഭരതനും  കുങ്കിയാനകളുടെ സഹായത്തോടെ  ലോറിയില്‍ കയറ്റി ഫോറസ്‌റ്റ് ഓഫീസിലെത്തിച്ചു  മയക്കുവെടി വച്ച കാട്ടുകൊമ്പന്‍  കൊമ്പന്‍  കുങ്കിയാന  പാലക്കാട്  ധോണി  ധോണി ഫോറസ്‌റ്റ് ഓഫീസ്
കുങ്കിയാനകളുടെ സഹായത്തോടെ പി.ടി സെവനെ ലോറിയില്‍ കയറ്റി ഫോറസ്‌റ്റ് ഓഫീസിലെത്തിച്ചു

By

Published : Jan 22, 2023, 2:32 PM IST

Updated : Jan 22, 2023, 3:02 PM IST

പി.ടി സെവനെ ഫോറസ്‌റ്റ് ഓഫിസിലെത്തിച്ചു

പാലക്കാട്: പി.ടി സെവനെ വിജയകരമായി ഫോറസ്‌റ്റ് ഓഫിസിലെത്തിച്ച് ദൗത്യസംഘം. മയക്കുവെടി വച്ച കാട്ടുകൊമ്പന്‍ പി.ടി സെവനെ ലോറിയില്‍ കയറ്റിയാണ് ധോണി ഫോറസ്‌റ്റ് ഓഫിസിലെത്തിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ ലോറിയില്‍ കയറ്റിയത്.

പി.ടി സെവനെ പിടികൂടാന്‍ ദൗത്യസംഘത്തിനൊപ്പം മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുമുണ്ടായിരുന്നു. ഇതില്‍ ഒരു കുങ്കിയാനയെ ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും ആദ്യം വിജയകരമായില്ല. തുടര്‍ന്ന് ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രൻ പിറകിൽ നിന്നും തള്ളിയാണ് ആനയെ ലോറിയില്‍ കയറ്റിയത്. ഇതിനായി ആനയുടെ കാലുകളില്‍ വടം കെട്ടുകയും ചെയ്‌തിരുന്നു. കൂടാതെ ലോറിയില്‍ കയറ്റുന്നതിന് മുന്നേ കറുത്ത തുണി ഉപയോഗിച്ച് ആനയുടെ കണ്ണുകള്‍ മൂടിയിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു.

കൂട് റെഡി:ധോണിയില്‍ അനയെ പാര്‍പ്പിക്കാനുള്ള കൂട് ഒരുക്കിയിട്ടുണ്ട്. 140 യൂക്കാലിപ്‌സ് മരം ഉപയോഗിച്ചുള്ള കൂടാണ് ഒരുക്കിയിട്ടുള്ളത്. കൂടിന്‍റെ ഫിറ്റ്‌നസും ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന കൂട് തകര്‍ക്കാന്‍ ശ്രമിച്ചാലും തകര്‍ക്കാനാവില്ല.

യൂക്കാലിപ്‌സ് ഉപയോഗിച്ചുള്ള കൂടായതിനാല്‍ ആനയുടെ ശരീരത്തില്‍ ചതവ് മാത്രമെയുണ്ടാകൂ. ആനക്കൂട്ടിലേക്കുള്ള റാമ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുങ്കിയാനകളുടെ കൂടി സഹായത്തോടെയാകും പിടി സെവനെ കൂട്ടിലേക്ക് മാറ്റുക.

ആര്‍പ്പുവിളിച്ച് ജനം:നാല് വര്‍ഷമായി തങ്ങളെ നട്ടംതിരിച്ച ആനയെ തളച്ചതില്‍ ധോണിയിലെ ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. വനംവകുപ്പിനോടും ദൗത്യസംഘത്തോടും നന്ദി അറിയിച്ചായിരുന്നു സന്തോഷപ്രകടനം. ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച്‌ നാട്ടിലിറങ്ങി പ്രദേശവാസികളെ ഭീതിയാഴ്ത്തി വരികയായിരുന്നു പി.ടി സെവന്‍. പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ ആന കൊല്ലുകയും, നാട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.

പി.ടി 7 നെ മയക്കിയത് ഇങ്ങനെ:അതേസമയം ഇന്ന് കാലത്ത് ഏഴ് മണിയോടെയാണ് പി.ടി സെവനെ ദൗത്യസംഘം മയക്കുവെടി വച്ച് മയക്കിയത്. ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്. ആനയുടെ ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിര്‍ണായകമാണെന്നും ദൗത്യസംഘം ഈ സമയത്ത് അറിയിച്ചിരുന്നു. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ദൗത്യസംഘം ആനയെ ഫോറസ്‌റ്റ് ഓഫിസിലേക്ക് മാറ്റുകയായിരുന്നു.

കാട്ടുകൊമ്പന്‍ ധോണിയില്‍ എവിടെയാണെന്നതിനെ കുറിച്ച്‌ ഇന്ന് രാവിലെയാണ് വനംവകുപ്പിന് കൃത്യമായ വിവരം ലഭിക്കുന്നത്. തുടര്‍ന്നാണ് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കാട്ടാനയെ ദൗത്യസംഘം കണ്ടെത്തുകയായിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റെയ്ഞ്ച്‌ ഓഫിസര്‍ എന്‍.രൂപേഷ് അടങ്ങുന്ന 25 അംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച്‌ പിടികൂടുന്നതിന് സുപ്രധാന പങ്കുവഹിച്ചത്.

Last Updated : Jan 22, 2023, 3:02 PM IST

ABOUT THE AUTHOR

...view details