പാലക്കാട്:കൃഷിസ്ഥലത്ത് കടന്നൽക്കുത്തേറ്റ് കൊയ്‌ത്തുയന്ത്രത്തിലെ തൊഴിലാളികൾക്ക് പരിക്ക്. മുണ്ടൂർ ഒടുവൻകാട് ഊട്ടറ പാടശേഖര സമിതിയുടെ നെൽപ്പാടം യന്ത്രമുപയോഗിച്ച് കൊയ്യുന്നതിനിടെയാണ് സംഭവം. സമീപത്തെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂട്ടിൽ പരുന്ത് മുട്ടിയതോടെ കൂട് പാടത്ത് വീണു.
ഇതിന്‍റെമേൽ കൊയ്ത്തുയന്ത്രത്തിന്‍റെ ചക്രം കയറിയതോടെ ഇളകിയ കടന്നൽ തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. ഇയാൾ ഓടി സമീപത്തെ കുളത്തിൽ മുങ്ങിക്കിടന്നെങ്കിലും കുത്തേറ്റു. ഇയാളെ പിന്നീട് ആശുപത്രിയിലാക്കി. ബാക്കി പാടം കൊയ്തെടുക്കാൻ യന്ത്രം പ്രവർത്തിപ്പിച്ച ഡ്രൈവറെയും കടന്നൽ ആക്രമിച്ചതോടെ അയാളും ഓടി രക്ഷപ്പെട്ടു.