പാലക്കാട്: പട്ടാമ്പിയിലെ കൊപ്പം- പേങ്ങാട്ടിരി പാതയിൽ ഓവുപാലങ്ങളുടെ സംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ മൂന്നിടങ്ങളിലാണ് സംരക്ഷണഭിത്തികൾ മാസങ്ങളോളമായി തകർന്ന് കിടക്കുന്നത്. ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ ഇടിച്ചാണ് സംരക്ഷണ ഭിത്തികൾ തകർന്നത്.
കൊപ്പം- പേങ്ങാട്ടിരി പാതയിൽ ഓവുപാലങ്ങളുടെ സംരക്ഷണ ഭിത്തികൾ തകർന്ന് അപകടങ്ങൾ വർധിക്കുന്നു - pattambi road wall
നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ ഓവുപാലങ്ങളുടെ സംരക്ഷണ ഭിത്തികൾ തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ വശം കൊടുക്കുമ്പോൾ അപകടം സംഭവിക്കുന്നത് ഇവിടെ പതിവാണ്.
വർഷങ്ങളായി തകർന്ന് കിടന്നിരുന്ന കൊപ്പം- പേങ്ങാട്ടിരി റോഡ് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് റബ്ബർ റൈസ് ചെയ്ത് നവീകരിച്ചത്. നവീകരണ സമയത്ത് തന്നെ റോഡിലെ ഓവുപാലങ്ങൾ പുന:നിർമ്മിച്ചിരുന്നു. സംരക്ഷണ ഭിത്തികളോടെയാണ് ഓവുപാലങ്ങളുടെ നിർമാണം നടത്തിയത്. എന്നാൽ റോഡ് നിർമാണം കഴിഞ്ഞ് വൈകാതെ ഓവുപാലങ്ങളുടെ സംരക്ഷണ ഭിത്തികൾ തകരുകയായിരുന്നു. കൊപ്പം ഹൈസ്‌കൂളിന് സമീപത്തെ ഓവുപാലത്തിന്‍റെയും അത്താണി ഭാഗത്തെയും മണ്ണേങ്ങോട് ഭാഗത്തെയും സംരക്ഷണഭിത്തികൾ തകർന്നിട്ടുണ്ട്. നൂറു കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലൂടെ കടന്നുപോകുന്നത്. പാർശ്വഭിത്തികൾ തകർന്നത് കാരണം രണ്ട് വലിയ വാഹനങ്ങൾ വശം കൊടുക്കുമ്പോൾ അപകടം സംഭവിക്കുന്നതും പതിവാണ്. കൂടാതെ, സ്‌കൂൾ തുറന്നാൽ നൂറുകണക്കിന് വിദ്യാർഥികൾ സഞ്ചരിക്കുന്ന പാതയായതിനാൽ തന്നെ അപകടങ്ങൾ വർധിക്കാനും സാധ്യത കൂടുതലാണ്. പലതവണ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.