പാലക്കാട്:വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. വി. മധു, എം. മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കിയത്. മൂന്നുപേർക്കും കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ പ്രധാന പ്രതിയായ ഷിബുവിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വാളയാര്‍ കേസ്; മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി - പാലക്കാട്
വി. മധു, എം. മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കിയത്. മൂന്നുപേർക്കും കോടതി ജാമ്യം അനുവദിച്ചു.
വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ കുടുംബവും അപ്പീല്‍ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്‌ത് വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് തന്നെ വാളയാര്‍ അട്ടപ്പള്ളം സ്വദേശികളായ വി. മധു, എം. മധു എന്നിവരെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചേര്‍ത്തല സ്വദേശിയായ പ്രദീപ് കുമാര്‍ ഇന്ന് രാവിലെ പോക്സോ കോടതിയില്‍ എത്തി.
പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി നല്‍കിയ നോട്ടീസും ഷിബു കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേര്‍ക്കും അപ്പോള്‍ തന്നെ ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് പാലക്കാട് പോക്സോ കോടതി കേസില്‍ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാണിച്ച് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.