പാലക്കാട്:അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനൊപ്പം അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും കെ.ജി.എം.ഒയെ ആവശ്യപ്പെട്ടു.
ഗര്‍ഭിണികളുടെയും മറ്റു രോഗികളുടെയും സ്‌കാനിംഗ്, സിടി സ്‌കാനിംഗ്, തുടങ്ങിയവക്ക് വേണ്ടി റേഡിയോളജി പിജി കഴിഞ്ഞ മൂന്ന് ഡോക്ടര്‍മാരെ നിയമിക്കണം. സ്‌കാനിംഗ് സൗകര്യം ഉണ്ടായാല്‍ ഗര്‍ഭിണകളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ഗുരുതര പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുകയും. അതുവഴി ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
ഇവയുള്‍പ്പെടെ 17 നിര്‍ദ്ദേശങ്ങളാണ് സംഘടന സര്‍ക്കാറിന് മുന്നില്‍ വച്ചിരിക്കുന്നത്. ഡോക്ടര്‍മാരടക്കം ആരോഗ്യ ജീവനക്കാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും. ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മനോവീര്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്നും സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.