പാലക്കാട്:മലമ്പുഴയിൽ വീണ്ടും പുലി ആടിനെ കൊന്നു. മലമ്പുഴ ആനക്കല്ല് കുന്നംപുറത്ത് മണികണ്‌ഠൻ്റെ ആടിനെയാണ് ഇന്ന് പുലർച്ചെ വീണ്ടും പുലി കടിച്ചു കൊന്നത്. ഒരാഴ്ച മുമ്പ് ഇയാളുടെ നാലാടിനെ പുലി കൊന്നിരുന്നു.
തുടർന്ന് വനപാലകരെത്തി കാമറ സ്ഥാപിച്ചെങ്കിലും പിന്നീട് രണ്ട് ദിവസം മുമ്പ് മാറ്റി. ഒരാഴ്ചയ്ക്കിടെ മൂന്ന് തള്ളയാട് ഉൾപ്പടെ അഞ്ചെണ്ണത്തിനെ പുലി കൊന്നിരുന്നു. വീടിന് സമീപത്ത് കൂട്ടിനകത്തുള്ള ആടിനെയാണ് രാത്രി കടിച്ചു കൊന്നത്.
ബാക്കിയുള്ള ആടുകളും ഏത് സമയത്തും പുലിക്ക് ഇരയാവുന്ന സ്ഥിതിയാണ്. ആടുകളുടെ കരച്ചിൽ കേട്ടാൽ പോലും രാത്രി പുറത്തിറങ്ങി നോക്കനാവാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലി ആളുകളെ അക്രമിക്കാനും സാധ്യതയുണ്ട്.
ഇതിനിടയിൽ പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം മൂപ്പൻചോലയിൽ സ്‌ത്രീ കാട്ടാനയുടെ മുമ്പിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടു മുറ്റത്ത് ആനയാണോ, പുലിയാണോ നിൽക്കുന്നതെന്ന് അറിയാനാവില്ലെന്നും, ചൊവ്വാഴ്‌ച പുലർച്ചെ മണികണ്‌ഠൻ്റെ ആടിനെ പിടിച്ചതിൽ ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടെന്നും, കാൽപാടുകൾ കണ്ട് നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് ഇടപ്പെട്ട് പുലിയെ കൂട്ടിൽ കയറ്റി കൊണ്ടു പോണം. ഇല്ലെങ്കിൽ ആട് വളർത്തുന്നവരുടെയും, ക്ഷീര കർഷകരുടെയും ഉപജീവനം മുടങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.