പാലക്കാട്:ആർ.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റരാത്രിയിൽ പദ്ധതിയിട്ട ശേഷം പകൽ 20 സെക്കൻഡിലാണ് എസ്.ഡി.പി.ഐ കൊലപാതകം നടത്തിയതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇക്കാര്യത്തിൽ എസ്.ഡി.പി.ഐ ആക്രമണങ്ങളുടെ പതിവ് രീതിയാണ് പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
'എത്താനും രക്ഷപ്പെടാനും വഴികള്‍':ശ്രീനിവാസൻ വധത്തിലെ ഗൂഢാലോചനയിൽ നിരവധിപേരുണ്ടെന്നും നേതാക്കളുൾപ്പെടെ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം നൽകിയ സൂചന. വിഷുദിവസം കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക് പിറകിലെ മൈതാനത്തോട് ചേർന്നാണ് മറുകൊല ചെയ്യാൻ അക്രമിസംഘം പദ്ധതിയിട്ടത്. കൊല്ലേണ്ടവരുടെ ലിസ്റ്റ് പരിശോധിച്ച് എളുപ്പം എത്തിപ്പെടാനും രക്ഷപ്പെടാനുമുള്ള സ്ഥലം കണ്ടെത്തി.
രക്ഷപ്പെടാനും ആയുധങ്ങളെത്തിക്കാനും ആളുകളെ തയ്യാറാക്കി. 16 ന് പകൽ കൊലപ്പെടുത്തിയ ആറംഗ സംഘത്തിന് പുറമെ വിവിധ വാഹനങ്ങളിൽ കുറച്ചുപേരെ സ്ഥലം നിരീക്ഷിക്കാനും പൊലീസിന്റെ സാന്നിധ്യം അറിയിക്കാനുമായി വിട്ടു. പ്രശ്നങ്ങളില്ലെന്ന് വിവരം ലഭിച്ച ശേഷമാണ് മൂന്ന് ബൈക്കിലായി ആറുപേർ ശ്രീനിവാസന്റെ സ്ഥാപനത്തിലെത്തിയത്. സംഭവശേഷം നേരത്തേയുണ്ടായിരുന്നവർ ഉൾപ്പെടെ മുഴുവനാളുകളും രക്ഷപ്പെട്ടു.
തെരച്ചില്‍ സി.സി.ടി.വി അടിസ്ഥാനമാക്കി:കുറച്ചുപേർ സുബൈറിന്റെ പോസ്റ്റ്മോർട്ടം നടക്കുന്ന ജില്ല ആശുപത്രിയിലെത്തി. തുടർന്ന്, നടന്ന വിലാപയാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ശക്തമായ പൊലീസ് പരിശോധന നടക്കുന്നതിനാൽ അതിർത്തി കടക്കാനായിട്ടില്ല. പരിശോധിച്ച സി.സി.ടി.വികളുടെ അടിസ്ഥാനത്തിൽ സമീപ ജില്ലകളിലാണ് അന്വേഷകസംഘം പ്രതികളെ തെരയുന്നത്.