പാലക്കാട്:സംസ്ഥാന നിയമസഭയുടേത്മാതൃകപരമായ പ്രവർത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്ക് ഉള്ളതെന്നും നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ, വീഡിയോ പ്രദർശനത്തിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേത്. വർഷത്തിൽ ശരാശരി 55 മുതൽ 60 ദിവസം വരെ നിയമസഭ ചേരും. 800ലധികം കാലഹരണപ്പെട്ട നിയമങ്ങൾ റിപ്പീൽ ചെയ്യാൻ നിയമസഭ ആലോചിക്കുന്നതായും സ്‌പീക്കർ പറഞ്ഞു. ആരോഗ്യകരമായ സംവാദങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സഭയിൽ നടക്കുന്നത്.
നിയമസഭയെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോ, വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിക്കും. നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉൾപ്പെടെ പൊതു സമൂഹത്തിന് ലഭ്യമാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായും സ്‌പീക്കര്‍ പറഞ്ഞു. നിയമസഭയെ സംബന്ധിച്ചും അസംബ്ലിയെ സംബന്ധിച്ചും പൊതു ജനങ്ങള്‍ അറിയണമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
സ്വാതന്ത്രത്തിന്‍റെ 75 ആം വാര്‍ഷിക വേളയിൽ രാജ്യത്തിന്‍റെ മതനിരപേക്ഷ ജനാധിപത്യത്തിന്‍റെ ഉള്ളടക്കം സംരക്ഷിക്കാൻ നമ്മുക്ക് കഴിയണം. ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്നത്. നിരവധി വാദ പ്രതിവാദങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. നമ്മുടെ രാജ്യത്തിന് മതമില്ല എന്നാൽ ചിലർ മത കാഴ്‌ചപ്പാടുകൾ കൊണ്ട് ഭരണഘടനയെ മാറ്റി എഴുതാൻ ശ്രമിക്കുന്നുണ്ട്.