പാലക്കാട്:പ്രഭാത സൈക്കിള്‍ സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകനായ കിണാശേരി സ്വദേശി നന്ദകുമാറാണ് (56) മരിച്ചത്. സൈക്കിള്‍ യാത്രയെ ഏറെ പ്രണയിച്ച അധ്യാപകന്‍ വ്യായാമത്തിനും കാഴ്‌ചകള്‍ ആസ്വദിക്കുന്നതിനും പതിവായി രാവിലെ കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്.
പതിവ് പോലെ വ്യാഴാഴ്‌ച പ്രഭാത സവാരിക്കിറങ്ങിയ അധ്യാപകനെ പാലക്കാട് മെഡിക്കല്‍ കോളജിന് മുന്നില്‍ വെച്ചാണ് അജ്ഞാത വാഹനമിടിച്ചിട്ടത്. അപകടത്തില്‍ പരിക്കേറ്റ നന്ദകുമാറിനെ കണ്ട ബൈക്ക് യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തലക്ക് പരിക്കേറ്റ നന്ദകുമാര്‍ മരിച്ചു.
1985ല്‍ കണ്ണാടി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച നന്ദകുമാര്‍ പ്രധാനാധ്യാപകനായി തുടര്‍ന്ന് 2020ലാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഇക്കാലയളവില്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ഓരോ വിദ്യാര്‍ഥിക്കും നന്ദകുമാര്‍ പ്രിയപ്പെട്ട അധ്യപകനായിരുന്നു. സ്‌കൂളിനെ എല്ലാ മേഖലകളിലും ഉയര്‍ത്തിക്കൊണ്ട് വരാന്‍ വളരെയധികം പ്രയത്നിച്ച അധ്യാപകന്‍ കൂടിയാണ് നന്ദകുമാര്‍.