പാലക്കാട്: യൂത്ത് കോൺഗ്രസിലെ കലാപം പരസ്യമാക്കി സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎക്കും ജില്ല പ്രസിഡന്‍റ് ഫിറോസ് ബാബുവിനുമെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. ടൗൺ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.
പോസ്റ്ററിലെ വാചകങ്ങൾ:'പാലക്കാട്ടെ യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിന്‍റെയും ഫിറോസ് ബാബുവിന്‍റെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കുക. ‘ഷോഫി' ഫാൻസ് പാലക്കാട്ടെ കോൺഗ്രസിന് ബാധിച്ച ക്യാൻസർ, മതം പരിചയാക്കി വ്യക്തിഗത വളർച്ച നേടി പ്രസ്ഥാനത്തെ മുരടിപ്പിക്കുന്ന ഫാസിസം പാർട്ടിക്ക് നാശം.
ജില്ല മുഴുവൻ അനധികൃത പണപ്പിരിവുനടത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനോ ഫിറോസ് ബാബുവിന്‍റെ പ്രസിഡന്‍റ് സ്ഥാനം. നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വേലി ചാടിമറിഞ്ഞ് നേതാക്കളുടെ കാലുനക്കി സീറ്റ് തരപ്പെടുത്തി പാർട്ടി നൽകിയ ഇലക്ഷൻഫണ്ട് തിരിമറി നടത്തി വീട് പണിതതോ.....'
പദയാത്രയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ച് കാറ് വാങ്ങിയതോ ഫിറോസിന്‍റെ നേട്ടങ്ങൾ, പണം വാങ്ങി മണ്ഡലം പ്രസിഡന്‍റ്മാരെയും ഭാരവാഹികളെയും വെച്ച് യൂത്ത് കോൺഗ്രസിനെ വ്യഭിചരിക്കുന്ന ഫിറോസ് ബാബുവിനെ പുറത്താക്കുക' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
പിരിച്ചുവിടൽ, കൂട്ട രാജി: കഴിഞ്ഞ ദിവസം ചർച്ചയില്ലാതെ ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറി പി സരിൻ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിരുന്നു. ഷാഫി പറമ്പിലിനോട് എതിർപ്പ് ഉയർത്തിയ മണ്ഡലങ്ങളെ കാരണം പോലും ബോധിപ്പിക്കാതെ പിരിച്ചുവിട്ടതായും ആരോപണമുയർന്നിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ വെള്ളിനേഴി, ഷൊർണൂർ, ലെക്കിടി പേരൂർ, പറളി, പാലക്കാട് നോർത്ത്, മേലാർകോട്, വടവന്നൂർ, അയിലൂർ എന്നീ മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ജനറൽ സെക്രട്ടറി എം ധനേഷ് ലാലാണ് പിരിച്ചുവിട്ട ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ താൽപ്പര്യ പ്രകാരമാണ് പിരിച്ച് വിട്ടതെന്നാണ് ആരോപണം. ഏകപക്ഷീയമായി മണ്ഡലം കമ്മിറ്റികളെ പിരിച്ച് വിട്ടതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 50ഓളം പേർ രാജിവച്ചിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ പേർ രാജി വെയ്‌ക്കുമെന്നാണ് സൂചന.
ലക്കിടി പേരൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹിയായ പി എച്ച് ഷക്കീർ ഹുസൈൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ ടി ബി ഫൈറൂസ്, ബി വിഷ്‌ണു, സെക്രട്ടറി സൽമാൻ ഫാരിസ് മറ്റു പത്തോളം മണ്ഡലം ഭാരവാഹികൾ, 50ഓളം പ്രവർത്തകർ എന്നിവരാണ് രാജി നൽകിയത്.
ആരോപണവുമായി വനിത പ്രവർത്തക: അതിനിടെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല പ്രസിഡന്‍റ് ഫിറോസ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി എൻ എസ് ശിൽപ്പ രംഗത്തെത്തി. ഫിറോസ് ബാബു മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശിൽപ്പ കുറിച്ചത്.
ഇത് സംബന്ധിച്ചള്ള പരാതി ജില്ലയിലെ സംഘടന ചുമതലയുള്ള ധനേഷ് ലാലിന് കൈമാറി. കുറിപ്പ് ശിൽപ്പ സംസ്ഥാന നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് മുൻ അംഗം കൂടിയാണ് ശിൽപ്പ. ഇത്രയും ധാർഷ്ട്യത്തോടെയും അഹങ്കാരത്തോടെയും പെരുമാറുന്ന ജില്ല പ്രസിഡന്‍റ് വേറെയുണ്ടാകില്ലെന്നാണ് ശിൽപ്പയുടെ കുറിപ്പ്.
ഫിറോസ് ബാബുവിന്‍റെ വൃക്തിവൈരാഗ്യമാണ് പലരെയും സംഘടനയിൽ നിന്ന് പുറത്താക്കാൻ കാരണം. ജില്ലയിൽ യൂത്ത് കോൺഗ്രസിനകത്ത് പരസ്‌പരം വൈരാഗ്യവും വിരോധവും വളർത്താൻ നേതൃത്വം നൽകിയ ഫിറോസിനെ സ്ഥാനത്ത് നിന്ന് നീക്കണം. ജില്ല കമ്മിറ്റി യോഗത്തിൽ ഫിറോസിനെതിരെ സംസാരിച്ചതിനാൽ യോഗങ്ങൾ അറിയിക്കുന്നില്ലെന്നും ‘ഭ്രഷ്‌ട്’ കൽപ്പിച്ചെന്നും യൂത്ത് ഡയറിയിൽ നിന്ന് പേരും ചിത്രവും ഒഴിവാക്കിയെന്നും ശിൽപ്പ ആരോപിച്ചു. ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി ബ്ലോക്ക്, മണ്ഡലം സമ്മേളനങ്ങളും ഗ്രൂപ്പ് തിരിഞ്ഞാണ് നടന്നതെന്നും ശിൽപ്പ പറയുന്നു.