പാലക്കാട്:വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവും തുടർ സംഭവങ്ങളും ഞെട്ടലോടെയാണ് കേരളം കണ്ടത്. എന്നാൽ ഈ സംഭവത്തിന് മുമ്പും ശേഷവുമായി വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്‌തത് 42 പോക്സോ കേസുകളാണ്. പോക്സോ നിയമം നിലവിൽ വന്ന 2012 മുതലുള്ള കണക്കാണിത്. ഒരുപക്ഷേ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്റ്റേഷൻ പരിധികളിലൊന്ന് വാളയാർ ആയിരിക്കും. എന്നാല്‍ 42 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് വെറും രണ്ട് കേസുകളിൽ മാത്രം. 23 കേസുകൾ വിചാരണ ഘട്ടത്തിലാണ്.
വാളയാറിൽ നീതി കാത്ത് നിരവധി പോക്‌സോ കേസുകൾ - വാളയാർ കേസ്
വാളയാർ കേസിന് മുമ്പും ശേഷവും വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്‌തത് 42 പോക്സോ കേസുകൾ. എന്നാൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് വെറും രണ്ട് കേസുകളിൽ മാത്രം
പരാതിക്കാരുടെ സമ്മതത്തോടെ ഇതിൽ എട്ട് കേസുകൾ അവസാനിപ്പിച്ചു. മറ്റ് കേസുകളിൽ ഇപ്പോഴും നടപടിക്രമങ്ങൾ തുടരുകയാണ്. ആദിവാസി മേഖലയിൽ നിന്ന് നാല് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള 2018 ഏപ്രിൽ 21ലെ നിയമ ഭേദഗതി പ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തതും വാളയാറിലായിരുന്നു. ഒരു വർഷം മുമ്പ് പോക്സോ കേസിൽ വീഴ്‌ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് വാളയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു പോക്സോ കേസ് പോലും വാളയാർ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നത് ആശ്വാസകരമാണ്.