പാലക്കാട്: ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പദ്ധതി പ്രഖ്യാപനവും പാലക്കാട് അന്തർ സംസ്ഥാന നദീജല സമഗ്ര കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട്ടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരവുമായി സര്‍ക്കാര്‍ - സര്‍ക്കാര്‍
പാലക്കാട് ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാവുന്നത്. വരട്ടയാർ മുതൽ വേളന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന് 12 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലിഫ്റ്റ് ഇറിഗേഷൻ മുഖേന ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിലൂടെ 70 ശതമാനം ജലലാഭം ഉണ്ടാകും. തർക്കങ്ങൾ ഒന്നുമില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ചിറ്റൂർ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മൂന്ന് കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. കാലങ്ങളായി മുടങ്ങിക്കിടന്ന കുരിയാർകുറ്റി പദ്ധതിക്ക് വീണ്ടും തുടക്കമിട്ടു. എരുത്തേമ്പതി പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിക്ക് തെരെഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ മേൽനോട്ടം. പദ്ധതിക്കായി കിഫ്ബി മുഖേന 262.10 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 6.43 കി.മീ ദൈർഘ്യത്തിൽ കനാൽ ദീർഘിപ്പിക്കുന്നതിന്റെ പ്രഖ്യാപനമാണ് നടന്നത്.