പാലക്കാട്: ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതോടെ വിദഗ്‌ധ ചികിത്സയ്ക്കായി മറ്റു ജില്ലകളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും പോകേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഒ.പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ.പി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഒ.പി ബ്ലോക്കിനായി 101 പുതിയ തസ്‌തികകളാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിച്ചതിനുപുറമേ അക്കാദമിക്, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഇതുവരെ 400 തസ്‌തികകള്‍ സൃഷ്‌ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളജ് ഒ.പി വിഭാഗം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു - മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
പാലക്കാട് മെഡിക്കല്‍ കോളജിലെ ഒ.പി ബ്ലോക്ക്, ജനറല്‍ മെഡിസിന്‍ ഐ.പി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് മുഖ്യമന്ത്രി നിർവഹിച്ചത്. പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഒ.പി ബ്ലോക്കിനായി 101 പുതിയ തസ്‌തികകളാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടു കൂടി 12 മേജര്‍ സ്‌പെഷ്യാലിറ്റി ഒ.പി.കള്‍, 12 അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ലെവല്‍ വണ്‍ ട്രോമാകെയര്‍, നൂതന പീഡിയാട്രിക് വിഭാഗം, എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യൂമാറ്റിക് ട്രാന്‍സ്‌ഫർ സിസ്റ്റം എന്നിവയെല്ലാം എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജിലെ നിയമനങ്ങള്‍ എല്ലാം പിഎസ്‌സിക്ക് കൈമാറിയതായി പരിപാടിയില്‍ അധ്യക്ഷനായ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ കാലത്ത് മെഡിക്കല്‍ കോളജില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിട്ടില്ല. പിഎസ്‌സി മാനദണ്ഡങ്ങള്‍ പാലിച്ച് പ്രിന്‍സിപ്പല്‍, ഐ.എം.എ, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഫാക്കല്‍റ്റികളെ നിയമിച്ചിരിക്കുന്നത്. അനധ്യാപക തസ്‌തികയിലേക്കുള്ള നിയമനം പൂര്‍ണമായും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. 2017 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവ പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ അംഗീകാരം റദ്ദ് ചെയ്‌തിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയും ഏറെ ഇടപെടലുകള്‍ നടത്തിയുമാണ് അംഗീകാരം നേടിയെടുത്തതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ ബേസ്‌മെന്‍റ് അടക്കം ഏഴ് നിലകളുള്ള ഒ.പി കെട്ടിടത്തില്‍ 12 വിഭാഗങ്ങലുള്ള ഒ.പി ക്ലിനിക്കുകളും ആശുപത്രി ഭരണ വിഭാഗത്തിന്‍റെ ഓഫീസുകളും ലൈബ്രറിയും ഡിസ്‌പെന്‍സറി സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്. അന്തിമഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്ന ഓപ്പറേഷന്‍ തീയേറ്റര്‍ കെട്ടിടത്തിന് 2.76 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമാണുള്ളത്. ബേസ്‌മെന്‍റ് അടക്കം ഒമ്പത് നിലകളുള്ള ബ്ലോക്കില്‍ എട്ട് ജനറല്‍ ഓപ്പറേഷന്‍ തീയേറ്ററുകളും വിവിധ വിഭാഗങ്ങള്‍ക്ക് 260 കിടക്കകളും സജ്ജീകരിക്കും. നിര്‍മാണം പുരോഗമിക്കുന്ന വാര്‍ഡ് കെട്ടിടത്തിന് 2.69 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമാണുള്ളത്. ഒമ്പത് നിലകളുള്ള ഈ ബ്ലോക്കില്‍ 390 കിടക്കകള്‍, ലാബുകള്‍, സീറ്റ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക പരിശോധന സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 നകം ഒ.പി വിഭാഗത്തിനായി നിര്‍മിക്കുന്ന മൂന്നു ടവറുകളുടെയും എല്ലാ നിലകളും പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കും. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഓരോ നിലകളായി ക്ലിനിക്കല്‍ ഒ.പി.ക്കായി സജ്ജമാക്കും.
മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കലക്‌ടര്‍ മൃണ്മയി ജോഷി ശശാങ്ക്, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത എന്നിവര്‍ പങ്കെടുത്തു.