പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ റിമാൻഡ് നീട്ടി. ഒക്‌ടോബർ 19 വരെയാണ് ജില്ല കോടതി റിമാൻഡ് നീട്ടിയത്. മുഖ്യപ്രതികളായ എലപ്പുള്ളിപാറ കെ.രമേഷ്, എടുപ്പുകുളം ജി.ആറുമുഖൻ, കല്ലേപ്പുള്ളി എം.ശരവണൻ, മറ്റു പ്രതികളായ ആർഎസ്എസ് ജില്ല കാര്യദർശി എലപ്പുള്ളി പള്ളത്തേരി ജി.ഗിരീഷ്, ജില്ല സഹ കാര്യവാഹക് കൊട്ടേക്കാട് ആനപ്പാറ എസ്.സുചിത്രൻ, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം എം.മനു, മണ്ഡലം കാര്യവാഹക് എടുപ്പുകുളം ആർ.ജിനീഷ്, നല്ലേപ്പിള്ളി ഇരട്ടക്കുളം വിഷ്‌ണുപ്രസാദ്, വേനോലി എസ്.ശ്രുബിൻലാൽ എന്നിവരെ കോടതിയിൽ ഹാജരാക്കി.
സുബൈർ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ റിമാൻഡ് നീട്ടി
ഒക്‌ടോബർ 19 വരെയാണ് സുബൈർ വധക്കേസ് പ്രതികളുടെ റിമാൻഡ് ജില്ല കോടതി നീട്ടിയത്
ഡിവൈ.എസ്.പി എസ്.ഷംസുദ്ദീന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ജൂലൈ 11ന് കുറ്റപത്രം നൽകി. ഏപ്രിൽ 15നാണ് പള്ളിയിൽ നിന്ന് ബാപ്പയോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.
ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് സുബൈറിനെ വധിക്കാൻ കാരണം. സഞ്ജിത് കൊലപാതകക്കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മാത്യു തോമസ് ഹാജരായി.